കൊളംബോ: ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ ആരാധകർ ഏറെ കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കില്ലെന്ന് ഏകദേശം ഉറപ്പായി. ടൂർണമെന്റിൽ പങ്കെടുക്കാൻ പാക് ക്രിക്കറ്റ് ടീമിന് പാക് സർക്കാർ അനുമതി നൽകിയെങ്കിലും ഫെബ്രുവരി 15-ന് നിശ്ചയിച്ചിരുന്ന ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറാനാണ് പാകിസ്താന്റെ തീരുമാനം. ശ്രീലങ്കയിലെ കൊളംബോയിൽ വെച്ചായിരുന്നു ചിരവൈരികളായ ഇരു ടീമുകളും ഏറ്റുമുട്ടേണ്ടിയിരുന്നത്.
ടൂർണമെന്റിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ ഈ അപ്രതീക്ഷിത നീക്കം. സുരക്ഷാ കാരണങ്ങളാൽ ബംഗ്ലാദേശ് തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഐസിസി അത് അംഗീകരിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് പിന്മാറിയതോടെയാണ് പകരം സ്കോട്ട്ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയത്. ഈ നടപടികളോടുള്ള വിയോജിപ്പ് രേഖപ്പെടുത്താനാണ് ഇന്ത്യക്കെതിരായ ഹൈ-വോൾട്ടേജ് മത്സരം ബഹിഷ്കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്.
ലോകകപ്പിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്നാൽ ഐസിസിയുടെ കടുത്ത അച്ചടക്ക നടപടികളും വിലക്കും നേരിടേണ്ടി വരുമെന്നതിനാലാണ് പാകിസ്താൻ മറ്റ് മത്സരങ്ങളിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ ഇന്ത്യക്കെതിരായ മത്സരം മാത്രം ഒഴിവാക്കുന്നതിലൂടെ ഐസിസിക്കെതിരെ ശക്തമായ രാഷ്ട്രീയ പ്രതിഷേധം രേഖപ്പെടുത്താനാണ് പിസിബി ലക്ഷ്യമിടുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂർണമെന്റിൽ പാകിസ്താന്റെ മത്സരങ്ങൾ നേരത്തെ തന്നെ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. ഇന്ത്യ-പാക് മത്സരം മുടങ്ങുന്നത് ടൂർണമെന്റിന്റെ ആവേശത്തെയും വരുമാനത്തെയും ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Pakistan to boycott T20 World Cup match against India



