ഫ്രെഡറിക്ടൺ : സൗത്ത്-വെസ്റ്റ് ന്യൂ ബ്രൺസ്വിക്കിലെ നിരവധി പ്രദേശങ്ങൾക്ക് തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ അറിയിച്ചു. ഫ്രെഡറിക്ടൺ, സെയിന്റ് ജോൺ, ഷാർലറ്റ് കൗണ്ടി, വുഡ്സ്റ്റോക്ക്, കാർലെറ്റൺ കൗണ്ടി എന്നീ പ്രദേശങ്ങളിൽ 30 മുതൽ 60 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.തിങ്കളാഴ്ച രാവിലെ തുടങ്ങുന്ന മഴ രാത്രി വരെ തുടരുമെന്ന സാധ്യതയാണ് അറിയിച്ചിരിക്കുന്നത് . ഫണ്ടി തീരപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു . തിങ്കളാഴ്ച വൈകുന്നേരത്തോടെ ഈ കാലാവസ്ഥാ വ്യതിയാനം ഈസ്റ്റ്ലേക്ക് നീങ്ങി, സൗത്ത്-മധ്യ ന്യൂ ബ്രൺസ്വിക്കിലേക്ക് എത്തുമെന്നും പ്രവചിക്കപ്പെടുന്നു.
ഇപ്പോഴത്തെ മഞ്ഞുരുകൽ കാലമാണെന്നതിനാൽ, മഞ്ഞുരുകലും കനത്ത മഴയും ഒരുമിച്ച് വരുമ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴവെള്ളം ഒഴുകി പോകാൻ സാധാരണ ഉപയോഗിക്കുന്ന ഓടകൾ മഞ്ഞുകട്ടകൾ കൊണ്ട് തടസ്സപ്പെട്ടിരിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
എൻവയോൺമെന്റ് കാനഡയുടെ പ്രവചനം അനുസരിച്ച്, മഴ തിങ്കളാഴ്ച രാത്രിയോടെ കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, വെള്ളപ്പൊക്കത്തിന്റെ അപകടസാധ്യത കുറയുന്നതുവരെ ജാഗ്രത തുടരേണ്ടതാണെന്ന് അധികൃതർ ഓർമിപ്പിക്കുന്നു.






