വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇറാനിലേക്ക് അമേരിക്കയുടെ കൂറ്റൻ കപ്പൽപ്പട നീങ്ങുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നിലവിൽ ഇറാനിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അത്യന്താപേക്ഷിതമെങ്കിൽ മാത്രമേ സൈനിക നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ കപ്പൽപ്പട പശ്ചിമേഷ്യൻ തീരത്തെത്തും. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത ശേഷം വാഷിങ്ടണ്ണിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രീൻലൻഡിന്റെ കാര്യത്തിൽ അമേരിക്ക ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ സാധിക്കുമെന്നും താൻ പുതുതായി രൂപീകരിച്ച ബോർഡ് ഓഫ് പീസിന്റെ ചെയർമാനായി ആജീവാനന്തം സേവനമനുഷ്ഠിച്ചേക്കുമെന്നും ട്രംപ് വെളിപ്പെടുത്തി. അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് അത്യന്താപേക്ഷിതമാണെന്നും വടക്കേ അമേരിക്കയുടെ ഭാഗമാണ് ഈ ദ്വീപെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ലോകയുദ്ധ സമയത്ത് യുഎസ് സേന ദ്വീപിലുണ്ടായിരുന്നുവെന്നും അമേരിക്കയാണ് ഡെൻമാർക്കിന് ദ്വീപ് കൈമാറിയതെന്നും എന്നാൽ ഡെൻമാർക്കിന് അതിന്റെ നന്ദിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബലം പ്രയോഗിക്കില്ലെങ്കിലും അടിയന്തര ചർച്ചകൾ ആവശ്യമാണെന്നാണ് ട്രംപിന്റെ നിലപാട്. ഈ ദ്വീപിനെ സംരക്ഷിക്കാൻ യുഎസിന് മാത്രമേ കഴിയൂ എന്നും ഗ്രീൻലൻഡിനുമേലുള്ള യുഎസ് നിയന്ത്രണം നാറ്റോയ്ക്ക് ഭീഷണിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പ് തെറ്റായ ദിശയിലൂടെ സഞ്ചരിച്ച് സ്വയം നശിപ്പിക്കുകയാണെന്നും എന്നാൽ ലോകത്തിന്റെ സാമ്പത്തിക എൻജിനായ അമേരിക്ക കുതിച്ചുയരുമ്പോൾ ലോകം മുഴുവൻ കുതിച്ചുയരുമെന്നതാണ് ചരിത്രമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Trump: Huge fleet is on its way to Iran









