ക്യുബെക്ക്: അന്താരാഷ്ട്ര തലത്തിൽ അമേരിക്കൻ ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ, പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി മാർക്ക് കാർണി. അടുത്ത ആഴ്ച പാർലമെന്റ് സമ്മേളനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് യോഗം നടക്കുന്നത്. രാജ്യത്തിന്റെ പുതിയ സാമ്പത്തിക നയങ്ങൾക്കും സുരക്ഷാ പദ്ധതികൾക്കും യോഗം രൂപം നൽകും.
സ്വിറ്റ്‌സർലാൻഡിലെ ഡാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളെ കാർണി ശക്തമായി വിമർശിച്ചിരുന്നു. വൻശക്തികളുടെ സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ ഇടത്തരം രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിനുപിന്നാലെയാണ് ക്യുബെക്ക് സിറ്റിയിലെ അടച്ചിട്ട മുറിയിൽ മന്ത്രിമാരുമായുള്ള കൂടിയാലോചനകൾ നടക്കുന്നത്. നിലവിലെ ആഗോള സാഹചര്യം മുൻനിർത്തി ഭരണരീതിയിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് പ്രധാനമന്ത്രിയുടെ നീക്കം.
രാജ്യം നേരിടുന്ന വിലക്കയറ്റം, സാമ്പത്തിക ഭദ്രത, സുരക്ഷ എന്നിവയ്ക്കാണ് യോഗം മുൻഗണന നൽകുന്നത്. ചൈനയുമായി അടുത്തിടെ ഒപ്പുവെച്ച വ്യാപാര കരാറിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും. കരാർ പ്രകാരം കാനഡയുടെ കാർഷിക ഉൽപ്പന്നങ്ങൾ ചൈനയിലേക്ക് കയറ്റി അയക്കുന്നതിന് പകരമായി 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ കാനഡയിൽ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഈ കരാർ ഒന്റാറിയോയിലെ വാഹന വ്യവസായത്തെ തകർക്കുമെന്ന് പ്രീമിയർ ഡഗ് ഫോർഡ് അടക്കമുള്ളവർ വിമർശനം ഉയർത്തുന്നുണ്ട്.
വാഹനങ്ങൾ, സ്റ്റീൽ, മരം തുടങ്ങിയ മേഖലകളിൽ അമേരിക്ക ഏർപ്പെടുത്തിയ അധിക നികുതി കാനഡയുടെ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കാനഡ-യു.എസ്-മെക്സിക്കോ കരാർ (CUSMA) ഈ വർഷം പുനപരിശോധിക്കാനിരിക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത പരിഹരിക്കുക എന്നത് കാർണി സർക്കാരിന് വലിയ വെല്ലുവിളിയാണ്. ആഭ്യന്തരമായി ജനങ്ങൾ നേരിടുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സർക്കാരിന് പരിഗണിക്കേണ്ടതുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Differences over Trump's policies: Prime Minister Mark Carney convenes emergency cabinet meeting



