കൊച്ചി: ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജിത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ ഏപ്രിൽ രണ്ടിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയുടെ ഔദ്യോഗിക റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. “വർഷങ്ങൾ കടന്നുപോയി, എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല” എന്ന ജോർജുകുട്ടിയുടെ വാക്കുകളോടെയുള്ള പോസ്റ്റർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണെന്ന് വ്യക്തമാക്കിക്കൊണ്ട് സിനിമയുടെ ഡബ്ബിങ് പൂർത്തിയായ വിവരം നടി ശാന്തി മായാദേവിയും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഒന്നാം ഭാഗത്തിന്റെ ശൈലി പിന്തുടരുന്ന സിനിമയിൽ കുടുംബബന്ധങ്ങൾക്കും വൈകാരികതയ്ക്കുമായിരിക്കും കൂടുതൽ പ്രാധാന്യമെന്ന് സംവിധായകൻ ജിത്തു ജോസഫ് സൂചിപ്പിച്ചു. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ അനിൽ, സിദ്ദിഖ് തുടങ്ങിയ മുൻനിര താരങ്ങളെല്ലാം മൂന്നാം ഭാഗത്തിലും വേഷമിടുന്നുണ്ട്. ജോർജുകുട്ടിയും കുടുംബവും നേരിടുന്ന പുതിയ വെല്ലുവിളികളും അപ്രതീക്ഷിത ട്വിസ്റ്റുകളുമാണ് മൂന്നാം ഭാഗത്തിലും പ്രേക്ഷകരെ കാത്തിരിക്കുന്നത്.
സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം കേരളത്തിന് പുറമെ ആഗോള തലത്തിലും വലിയ റിലീസിനാണ് ഒരുങ്ങുന്നത്. മലയാളത്തോടൊപ്പം തന്നെ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റിലീസും നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി ‘ദൃശ്യം 3’ ഒക്ടോബറിലായിരിക്കും പുറത്തിറങ്ങുക. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ഹിന്ദി പതിപ്പിൽ നിന്ന് നടൻ അക്ഷയ് ഖന്ന പിന്മാറിയത് നേരത്തെ ചർച്ചയായിരുന്നു. ദൃശ്യം പരമ്പരയ്ക്ക് വിവിധ ഭാഷകളിൽ ലഭിച്ച വൻ സ്വീകാര്യത കണക്കിലെടുത്ത് രണ്ട് ഭാഷകളിലെയും റിലീസ് തീയതികൾ വലിയ പ്രാധാന്യത്തോടെയാണ് സിനിമാ ലോകം നോക്കിക്കാണുന്നത്.
the-wait-is-over-drishyam-3-dubbing-is-complete-only-months-left-to-open-george-kuttys-world
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



