ആംസ്റ്റർഡാം: തൊഴിലിനോടൊപ്പം വ്യക്തിജീവിതത്തിനും തുല്യപ്രാധാന്യം നൽകുന്ന ജീവിതശൈലിയും മികച്ച തൊഴിൽ സുരക്ഷയും കാരണം വിദേശ രാജ്യങ്ങളിൽ നെതർലൻഡ്‌സ് പ്രിയപ്പെട്ടതാകുന്നതിന്റെ കാരണങ്ങൾ പങ്കുവെച്ച് ഒരു പ്രവാസി യുവാവ്. നെതർലൻഡ്‌സിൽ ഫിനാൻസ് മേഖലയിൽ ജോലി ചെയ്യുന്ന അനുജ് ശർമ്മ എന്ന യുവാവാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ യൂറോപ്യൻ രാജ്യത്തെ തൊഴിൽ സംസ്കാരത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള തൊഴിലന്വേഷകർക്ക് നെതർലൻഡ്‌സ് എങ്ങനെ അനുയോജ്യമാകുന്നു എന്നതിനെക്കുറിച്ച് ഏഴ് പ്രധാന കാരണങ്ങളാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
വിദേശത്തുനിന്നെത്തുന്ന വിദഗ്ധ തൊഴിലാളികൾക്ക് ആദ്യ അഞ്ച് വർഷം ശമ്പളത്തിന്റെ 30 ശതമാനം തുകയ്ക്ക് നികുതി നൽകേണ്ടതില്ല എന്ന ’30 പെർസന്റ് റൂളിംഗ്’ (30% ruling) വലിയൊരു ആകർഷണമാണെന്ന് അനുജ് പറയുന്നു. ഇത് കൈയ്യിൽ കിട്ടുന്ന ശമ്പളത്തിൽ ഗണ്യമായ വർധനവ് ഉണ്ടാക്കുന്നു. കൂടാതെ, ശക്തമായ തൊഴിൽ നിയമങ്ങൾ ജീവനക്കാർക്ക് വലിയ സുരക്ഷയാണ് നൽകുന്നത്. മതിയായ കാരണങ്ങളില്ലാതെ ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനികൾക്ക് കഴിയില്ലെന്നത് തൊഴിൽ സ്ഥിരത ഉറപ്പാക്കുന്നു.
യൂറോപ്യൻ രാജ്യമാണെങ്കിലും 98 ശതമാനം ആളുകളും ഇംഗ്ലീഷ് സംസാരിക്കുന്നത് വിദേശികൾക്ക് ഇവിടെ എളുപ്പത്തിൽ ഇണങ്ങിച്ചേരാൻ സഹായിക്കുന്നു. മികച്ച പൊതുഗതാഗത സൗകര്യവും സൈക്ലിംഗ് സംസ്കാരവും കാരണം സ്വന്തമായി വാഹനമില്ലാതെ തന്നെ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ സാധിക്കും. നഗരങ്ങളിലെ ശുചിത്വവും സുരക്ഷിതമായ അന്തരീക്ഷവും ജീവിതനിലവാരം ഉയർത്തുന്ന ഘടകങ്ങളാണ്.
ജോലിഭാരമില്ലാത്ത ജീവിതശൈലിയാണ് നെതർലൻഡ്‌സിലെ പ്രധാന സവിശേഷത. ആഴ്ചയിൽ ശരാശരി 29 മുതൽ 36 മണിക്കൂർ വരെയാണ് ഇവിടുത്തെ ജോലി സമയം. ജീവനക്കാരുടെ വിശ്രമവേളകളെ തൊഴിലുടമകൾ ബഹുമാനിക്കുന്നു. നിശ്ചിത സമയത്തിന് ശേഷം ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം കുറവാണെന്നും ഇത് സമ്മർദ്ദമില്ലാത്ത ജീവിതം നൽകുന്നുവെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ജോലി സമയം കഴിഞ്ഞ് അയക്കുന്ന ഇമെയിലുകൾ പോലും ജീവനക്കാരന്റെ മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണമായി കണ്ട് കമ്പനികൾ ചർച്ചയ്ക്ക് വിളിക്കുന്ന സാഹചര്യം അവിടെ നിലവിലുണ്ട്.
നെതർലൻഡ്‌സിൽ ജോലി ആഗ്രഹിക്കുന്നവർ വിസ സ്പോൺസർ ചെയ്യുന്ന കമ്പനികളുടെ പട്ടിക പരിശോധിച്ച് അവരുടെ വെബ്സൈറ്റുകൾ വഴി നേരിട്ട് അപേക്ഷിക്കണമെന്നും അനുജ് ശർമ്മ ഉപദേശിക്കുന്നു. സേവനങ്ങളെല്ലാം വ്യവസ്ഥാപിതമായതിനാൽ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
indian-man-shares-7-reasons-for-choosing-the-netherlands-to-work-it-just-made-sense
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



