കന്നഡ സൂപ്പർ താരം യഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വലിയ വിവാദങ്ങൾ പുകയുന്നു. ടീസറിലെ ലൈംഗിക ചുവയുള്ള ദൃശ്യങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി കർണാടകയിലെ ആം ആദ്മി പാർട്ടി വനിതാ വിഭാഗം രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ ചർച്ചയായി മാറി. ജനുവരി എട്ടിന് യഷിന്റെ 40–ാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ടീസറിൽ, കാറിനുള്ളിൽ വച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന രംഗം ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്.
സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും കന്നഡ സംസ്കാരത്തെ അവഹേളിക്കുന്നതുമാണ് ഈ ദൃശ്യങ്ങളെന്ന് ആരോപിച്ച് എ.എ.പി വനിതാ വിഭാഗം സംസ്ഥാന വനിതാ കമ്മീഷനിൽ ഔദ്യോഗിക പരാതി നൽകി. പരാതി ഗൗരവമായി എടുത്ത കമ്മീഷൻ, സെൻസർ ബോർഡിനോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ കർണാടക ബാലാവകാശ സംരക്ഷണ കമ്മീഷനും ഇടപെട്ടു. സോഷ്യൽ മീഡിയയിൽ നിയന്ത്രണമില്ലാതെ പ്രചരിക്കുന്ന ഇത്തരം ദൃശ്യങ്ങൾ കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നും അതിനാൽ ടീസർ ഉടൻ നീക്കം ചെയ്യണമെന്നും കമ്മീഷൻ ചെയർമാൻ ശശിധർ കൊസംബെ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു. സാമൂഹിക പ്രവർത്തകൻ ദിനേഷ് കല്ലഹള്ളിയും വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്.
സിനിമകളിൽ സ്ത്രീകളെ വസ്തുവൽക്കരിക്കുന്നതിനെതിരെ മുൻപ് നിലപാടെടുത്തിട്ടുള്ള സംവിധായിക ഗീതു മോഹൻദാസ്, സ്വന്തം ചിത്രത്തിൽ ഇത്തരം രംഗങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ഉയർന്നു. എന്നാൽ, തന്റെ ജീവിതം ആസ്വദിക്കുകയാണെന്ന ഗൂഢമായ മറുപടിയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഗീതു ഇതിന് നൽകിയത്. കാറിനുള്ളിലെ രംഗത്തിൽ യഷിനൊപ്പമുള്ളത് നടി ബിയാട്രിസ് ബാച്ച് ആണെന്നും സംവിധായിക സ്ഥിരീകരിച്ചു.
കെജിഎഫിന് ശേഷം യഷ് അഭിനയിക്കുന്ന ബിഗ് ബജറ്റ് ഗ്യാങ്സ്റ്റർ ഡ്രാമയായ ‘ടോക്സിക്’, ഗോവയിലെ മയക്കുമരുന്ന് മാഫിയയുടെ കഥയാണ് പറയുന്നത്. നയൻതാര, കിയാര അദ്വാനി, രുക്മിണി വസന്ത് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന് ഗീതു മോഹൻദാസും യഷും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പാരമ്പര്യ ആക്ഷൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകളുടെ നിലപാടുകൾക്ക് പ്രാധാന്യം നൽകുന്ന ഒരു ‘ഡാർക്ക് ഫാന്റസി’ ശൈലിയാണ് ചിത്രത്തിന്റേതെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Controversy revolves around the teaser of the Kannada movie Toxic


