വാൻകൂവർ: വാൻകൂവർ ദ്വീപിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന അതിശക്തമായ മഴയ്ക്ക് നേരിയ ശമനം. ‘Atmospheric River’ എന്ന പ്രതിഭാസത്തെത്തുടർന്ന് ഏകദേശം 300 മില്ലീമീറ്റർ മഴയാണ് പ്രദേശത്തെ ചില ഭാഗങ്ങളിൽ രേഖപ്പെടുത്തിയത്. മഴയുടെ ശക്തി കുറഞ്ഞതോടെ ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ തീരപ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ അധികൃതർ പിൻവലിച്ചു.
എൻവയോൺമെന്റ് കാനഡയുടെ കണക്കുകൾ പ്രകാരം, ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള മൂന്ന് ദിവസങ്ങളിൽ വാങ്കൂവർ ദ്വീപിലെ കെനഡി ലേക്ക് ഫോറസ്റ്റ്രി സ്റ്റേഷനിൽ 286 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. മേഖലയിലെ ഇരുപതോളം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ 100 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തി. യുക്ലൂലെറ്റിൽ 168 മില്ലീമീറ്ററും സ്ക്വാമിഷിൽ 132 മില്ലീമീറ്ററും മഴ ലഭിച്ചപ്പോൾ, ഭൂഖണ്ഡഭാഗത്തുള്ള പോർട്ട് മെല്ലണിൽ 204 മില്ലീമീറ്റർ മഴയാണ് റിപ്പോർട്ട് ചെയ്തത്.
മഴയെത്തുടർന്ന് ഇംഗ്ലിഷ്മാൻ നദി ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നതിനാൽ നേരത്തെ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. നാനൈമോ റീജിയണൽ ഡിസ്ട്രിക്ട്, കെമൈനസ് ബ്രിഡ്ജ് തുടങ്ങിയ ഇടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാൽ നിലവിൽ ജലനിരപ്പ് അപകടകരമായ നിലയിൽ നിന്നും താഴ്ന്ന സാഹചര്യത്തിൽ ബി.സി. റിവർ ഫോർകാസ്റ്റ് സെന്റർ ജാഗ്രതാ നില ‘ഹൈ സ്ട്രീം ഫ്ലോ അഡ്വൈസറി’ (High Streamflow Advisory) എന്ന വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവിൽ ഒഴിപ്പിക്കൽ ഉത്തരവുകൾ പിൻവലിച്ചത് ജനങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്. എങ്കിലും നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. മെട്രോ വാങ്കൂവർ, ലോവർ മെയിൻലാൻഡ് എന്നിവിടങ്ങളിൽ മഴ തുടരുന്നുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണി ഒഴിവായിട്ടുണ്ടെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Flood threat eases on Vancouver Island; Warnings eased, 300 mm of rain recorded in three days



