ടൊറന്റോ: ഇന്ത്യൻ വനിതകളെ സഹായിക്കാൻ പ്രത്യേക സംവിധാനമൊരുക്കി കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ്. പ്രശ്നങ്ങൾ അനുഭവിക്കുന്ന ഇന്ത്യൻ വനിതകൾക്കായി ‘വൺ സ്റ്റോപ്പ് സെന്റർ’ (OSCW) എന്ന പേരിലുള്ള പിന്തുണാ കേന്ദ്രമാണ് ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആരംഭിച്ചത്. ടൊറന്റോയിൽ മുപ്പതുകാരിയായ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് അടിയന്തരമായി കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് പരിസരത്തായിരിക്കും ഈ കേന്ദ്രം പ്രവർത്തിക്കുക
ഇന്ത്യൻ പാസ്‌പോർട്ടുള്ള വനിതകൾക്കാണ് ഈ സേവനം ലഭ്യമാകുക. ഗാർഹിക പീഡനം, ചൂഷണം, കുടുംബ പ്രശ്നങ്ങൾ, നിയമപരമായ തടസ്സങ്ങൾ എന്നിവ നേരിടുന്നവർക്ക് കേന്ദ്രം താങ്ങായി നിൽക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ, മാനസിക പിന്തുണയും കൗൺസിലിംഗും. നിയമ സഹായവും സാമൂഹിക സേവനങ്ങളുമായുള്ള ബന്ധിപ്പിക്കൽ, അർഹരായവർക്ക് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സാമ്പത്തിക സഹായം എന്നിവ ഇതിലൂടെ ലഭിക്കും. ഒരു വനിതാ അഡ്മിനിസ്‌ട്രേറ്ററുടെ മേൽനോട്ടത്തിലായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. പരാതിക്കാരുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പാക്കി തികച്ചും വ്യക്തികേന്ദ്രീകൃതമായ സഹായം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അതേസമയം, ഡിസംബർ 19-നാണ് മുപ്പതുകാരിയായ ഹിമാൻഷി ഖുറാനയെ ടൊറന്റോയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഹിമാൻഷിയുടെ സുഹൃത്തായ 32-കാരൻ അബ്ദുൾ ഗഫൂറിക്കായി കാനഡ പോലീസ് രാജ്യവ്യാപകമായി തിരച്ചിൽ ആരംഭിച്ചു. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
India Sets Up Support Centre In Canada Days After Indian-Origin Woman’s Murder



