എഡ്മണ്ടൺ: ക്രിസ്മസ് ആഘോഷങ്ങൾക്കിടെ കനത്ത മഞ്ഞുവീഴ്ചയിലും അതിശൈത്യത്തിലും അമർന്ന് ആൽബർട്ട പ്രവിശ്യ. ഇന്ന് രാവിലെ മുതൽ റെഡ് ഡീർ മേഖലയിൽ ആരംഭിച്ച മഞ്ഞുവീഴ്ച ഉച്ചയോടെ എഡ്മണ്ടൺ ഉൾപ്പെടെയുള്ള വടക്കൻ മേഖലകളിലേക്ക് വ്യാപിച്ചു. പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും എൻവയോൺമെന്റ് കാനഡ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസത്തെ മഞ്ഞുവീഴ്ചയിൽ നിന്ന് ജനജീവിതം സാധാരണ നിലയിലായി വരുന്നതിനിടെയാണ് പുതിയ ശൈത്യക്കൊടുങ്കാറ്റ് ആൽബർട്ടയെ പിടിച്ചുലയ്ക്കുന്നത്. മധ്യ-വടക്കൻ ആൽബർട്ടയിൽ ഇതിനോടകം തന്നെ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇന്ന് രാത്രിയോടെ പലയിടങ്ങളിലും പത്ത് മുതൽ മുപ്പത് സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുള്ളതായി എൻവയോൺമെന്റ് കാനഡ അറിയിച്ചു.
മഞ്ഞുവീഴ്ചയ്‌ക്കൊപ്പം ആഞ്ഞടിക്കുന്ന അതിശക്തമായ ശീതക്കാറ്റാണ് സ്ഥിതി സങ്കീർണ്ണമാക്കുന്നത്. നിലവിൽ വടക്കൻ ആൽബർട്ടയിൽ താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. കാറ്റിന്റെ വേഗത കൂടി കണക്കിലെടുക്കുമ്പോൾ തണുപ്പ് മൈനസ് 40 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതിനാൽ വാഹനയാത്രികർ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
കൊടുംതണുപ്പ് മൂലം മിനിറ്റുകൾക്കുള്ളിൽ തന്നെ ചർമ്മത്തിന് ‘ഫ്രോസ്റ്റ് ബൈറ്റ്’ (Frostbite) ഏൽക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യവിദഗ്ധർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പുറത്തിറങ്ങുന്നവർ മതിയായ സുരക്ഷാ വസ്ത്രങ്ങൾ ധരിക്കണമെന്നും വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ തന്നെ സംരക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. അയൽവാസികളുടെയും പ്രായമായവരുടെയും സുരക്ഷ ഉറപ്പാക്കാനും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വാഹനങ്ങളിൽ എമർജൻസി കിറ്റുകൾ കരുതണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Weather warning: Snowfall is intensifying, caution issued in many areas of Edmonton



