ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽ.വി.എം-3, അമേരിക്കൻ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക്-2 വിജയകരമായി വിക്ഷേപിച്ചു.’ബാഹുബലി’ എന്ന് അറിയപ്പെടുന്ന ഈ റോക്കറ്റ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. രാവിലെ 8:54-ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം ബഹിരാകാശ അവശിഷ്ടങ്ങളുമായോ മറ്റ് ഉപഗ്രഹങ്ങളുമായോ ഉള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനായി 90 സെക്കൻഡ് വൈകിയാണ് നടത്തിയത്.
എൽ.വി.എം-3 റോക്കറ്റിന്റെ ആറാമത്തെ വിജയകരമായ ദൗത്യമാണ് എൽ.വി.എം-3എം6 എന്ന് ഐ.എസ്.ആർ.ഒ. വ്യക്തമാക്കി. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 15 മിനിറ്റിനുള്ളിൽ ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെട്ട് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ (LEO) എത്തിയതായും അധികൃതർ അറിയിച്ചു. ഏകദേശം 6,100 കിലോഗ്രാം ഭാരമുള്ള ബ്ലൂബേർഡ് ബ്ലോക്ക്-2, എൽ.വി.എം-3 റോക്കറ്റ് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ എത്തിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്. എൽ.വി.എം-3-എം5 ദൗത്യത്തിലൂടെ വിക്ഷേപിച്ച സി.എം.എസ്-03 ഉപഗ്രഹത്തിന്റെ റെക്കോർഡാണ് ഇതോടെ മറികടന്നത്.
ഐ.എസ്.ആർ.ഒ.യുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (NSIL) അമേരിക്കൻ കമ്പനിയായ എ.എസ്.ടി സ്പേസ് മൊബൈലും തമ്മിലുള്ള വാണിജ്യ കരാറിന്റെ ഭാഗമായാണ് ഈ ദൗത്യം നടപ്പിലാക്കിയത്. ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോണുകളിലേക്ക് നേരിട്ട് അതിവേഗ സെല്ലുലാർ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകുന്നതിനാണ് ബ്ലൂബേർഡ് ബ്ലോക്ക്-2 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് വഴി 4G, 5G സാങ്കേതികവിദ്യകളിൽ വോയിസ്, വീഡിയോ കോളുകൾ, സന്ദേശങ്ങൾ, ഡാറ്റാ സേവനങ്ങൾ എന്നിവ ആഗോളതലത്തിൽ ലഭ്യമാകും.
ഐ.എസ്.ആർ.ഒ. ചെയർമാൻ വി. നാരായണൻ വിക്ഷേപണത്തിന് മുന്നോടിയായി തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ദൗത്യത്തിന്റെ ഓരോ ഘട്ടവും കൃത്യമായി പൂർത്തിയാക്കിയതായി ഐ.എസ്.ആർ.ഒ. അറിയിച്ചു. ഇന്ത്യൻ ബഹിരാകാശ രംഗത്തെ വിക്ഷേപണ ശേഷി തെളിയിക്കുന്നതാണ് ഈ ദൗത്യമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
‘Baahubali’ soars; ISRO successfully launches Bluebird Block-2



