ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് കാനഡയിൽ നിർണായകമായ നിക്ഷേപം പ്രഖ്യാപിച്ചു. രാജ്യത്തെ നിർമ്മിത ബുദ്ധി (Artificial Intelligence – AI) ശേഷി വികസിപ്പിക്കുന്നതിനായി 7.5 ബില്യൺ കനേഡിയൻ ഡോളറാണ് (ഏകദേശം 46,750 കോടിയിലധികം ഇന്ത്യൻ രൂപ) അടുത്ത രണ്ട് വർഷത്തിനുള്ളിൽ ചെലവഴിക്കാൻ ഒരുങ്ങുന്നത്. ഈ നിക്ഷേപം കാനഡയിലെ മൈക്രോസോഫ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിബദ്ധതയാണെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
മൈക്രോസോഫ്റ്റിന്റെ കണക്കനുസരിച്ച്, 2023-നും 2027-നും ഇടയിൽ കാനഡയിലെ AI നിക്ഷേപം മൊത്തം 19 ബില്യൺ കനേഡിയൻ ഡോളറിലെത്തും. “ഇന്ന് ഞങ്ങൾ മൈക്രോസോഫ്റ്റ് കാനഡയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിബദ്ധത പ്രഖ്യാപിക്കുകയാണ്. ഞങ്ങൾ ഞങ്ങളുടെ നിക്ഷേപം വർദ്ധിപ്പിക്കുന്നു, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 7.5 ബില്യൺ കനേഡിയൻ ഡോളർ ഉൾപ്പെടെ 2023-നും 2027-നും ഇടയിൽ ആകെ 19 ബില്യൺ കനേഡിയൻ ഡോളർ നിക്ഷേപിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
രാജ്യത്തിന്റെ വളർച്ചയ്ക്കും സമൃദ്ധിക്കും ആവശ്യമായ പുതിയ ഡിജിറ്റൽ, എഐ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. 2026-ന്റെ രണ്ടാം പകുതിയോടെ പുതിയ ശേഷികൾ പ്രവർത്തനക്ഷമമാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു. ഈ വമ്പൻ നിക്ഷേപം മൈക്രോസോഫ്റ്റിന്റെ Azure Canada Central, Canada East ഡാറ്റാ സെന്റർ മേഖലകളെ കൂടുതൽ വിപുലീകരിക്കും. ആധുനിക പൊതു സേവനങ്ങൾ മുതൽ നൂതന AI കണ്ടുപിടുത്തങ്ങൾ വരെ കനേഡിയൻ അതിർത്തിക്കുള്ളിൽ നിന്നുകൊണ്ട് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ ഈ ഡാറ്റാ സെന്ററുകൾക്ക് കഴിയും.
നിക്ഷേപത്തിന് പുറമെ, യുഎസ് ആസ്ഥാനമായുള്ള ഈ ടെക് ഭീമൻ കാനഡയുടെ ഡിജിറ്റൽ പരമാധികാരം സംരക്ഷിക്കുന്നതിനായി ഒരു അഞ്ച്-പോയിന്റ് പദ്ധതിയും അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ഒട്ടാവ ആസ്ഥാനമായി ഒരു ത്രെഡ് ഇന്റലിജൻസ് ഹബ്ബ് സ്ഥാപിക്കും. ചൈന, റഷ്യ, ഉത്തര കൊറിയ, ദക്ഷിണേഷ്യൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഭീഷണികളെ കണ്ടെത്താനും പ്രതിരോധിക്കാനുമാണ് ഈ കേന്ദ്രം ലക്ഷ്യമിടുന്നത്.
“കാനഡയിലെ ഞങ്ങളുടെ ടീം ചൈന ആസ്ഥാനമായുള്ള ഭീഷണി നേരിടുന്നവരുമായി പ്രവർത്തിക്കുകയും കാനഡയിലെ സാങ്കേതിക കമ്പനികളിൽ മോഷ്ടിച്ചതോ വ്യാജമോ ആയ ഐഡന്റിറ്റികൾ ഉപയോഗിച്ച് ജോലി നേടുന്ന ഉത്തര കൊറിയൻ ഐടി തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്,” മൈക്രോസോഫ്റ്റ് അറിയിച്ചു.
കനേഡിയൻ ഡാറ്റ കാനഡയിലെ മണ്ണിൽ തന്നെ നിലനിർത്തുമെന്ന ഉറപ്പിന്റെ ഭാഗമായി, മൈക്രോസോഫ്റ്റിന്റെ AI സഹായമായ കോപൈലറ്റുമായുള്ള കനേഡിയൻ ഉപയോക്താക്കളുടെ ഇടപെടലുകൾക്ക് ഇൻ-കൺട്രി ഡാറ്റാ പ്രോസസ്സിംഗ് വാഗ്ദാനം ചെയ്യും. കനേഡിയൻ ഡാറ്റ എൻക്രിപ്റ്റ് ചെയ്യുമെന്നും ഒറ്റപ്പെടുത്തി സൂക്ഷിക്കുമെന്നും രാജ്യത്തെ AI ഡെവലപ്പർമാരുടെ വളർച്ചയെ പിന്തുണക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തു.
കനേഡിയൻ ഗവൺമെന്റിനായുള്ള ക്ലൗഡ് സേവനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുമെന്ന് ഉറപ്പാക്കുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. “കാനഡയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനോ നിർത്താനോ ഉള്ള ഒരു ഉത്തരവ് നേരിടേണ്ടി വന്നാൽ, നിർണായകമായ ഈ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള പ്രവേശനം സംരക്ഷിക്കുന്നതിനായി നിയമപരമായതും നയതന്ത്രപരവുമായ എല്ലാ മാർഗങ്ങളും – കോടതി വ്യവഹാരങ്ങൾ ഉൾപ്പെടെ – തങ്ങൾ തേടുമെന്ന് മൈക്രോസോഫ്റ്റ് കാനഡ പ്രസ്താവനയിൽ അറിയിച്ചു.
microsoft-ai-investment-canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



