ഒട്ടാവ: ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് കെ. പട്‌നായിക് കാനഡയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികൾ കൂടിക്കാഴ്ചകളിൽ ചർച്ചയായി. ഹൗസ് ഓഫ് കോമൺസ് സ്പീക്കർ ഫ്രാൻസിസ് സ്കാർപലെഗ്ഗിയയുമായിട്ടാണ് ഹൈക്കമ്മീഷണർ ആദ്യം കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-കാനഡ പാർലമെന്ററി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും, ഇരുരാജ്യങ്ങളും പങ്കുവെക്കുന്ന ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും ഭാവി സഹകരണത്തെക്കുറിച്ചും ഇരുവരും ഫലപ്രദമായ ചർച്ചകൾ നടത്തി. കോമൺവെൽത്ത് രാജ്യങ്ങളിലെ സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനത്തിനായി (CSPOC) ഫ്രാൻസിസ് സ്കാർപലെഗ്ഗിയയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം 2026 ജനുവരിയിൽ ഇന്ത്യയിലെത്തും.
ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ വകുപ്പ് മന്ത്രി ലെന മെറ്റ്‌ലെജ് ദിയാബുമായും ഹൈക്കമ്മീഷണർ ദിനേശ് കെ. പട്‌നായിക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിലാണ് ഈ കൂടിക്കാഴ്ച പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. കുടിയേറ്റ നടപടികൾ, വിദ്യാർത്ഥി സംബന്ധമായ വിഷയങ്ങൾ, ഇരു രാജ്യങ്ങളിലെയും സംവിധാനങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുക, ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് ചർച്ചയിൽ ഉൾപ്പെട്ടത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian envoy meets canada’s senior officials



