അബുദാബി: ദുബായ് സുരക്ഷ ഉറപ്പാക്കുകയും തൊഴിൽ വിപണി നിയന്ത്രിക്കുകയും ചെയ്യുന്നതിനായി താമസ-കുടിയേറ്റ നിയമങ്ങൾ ശക്തമാക്കി യുഎഇ. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കാനോ പ്രവർത്തിക്കാനോ സഹായിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ഈ പുതിയ നടപടികൾ. അനധികൃത താമസത്തിനും സംഘടിത വീസ തട്ടിപ്പുകൾക്കും 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നതും പൊതുസമാധാനത്തിന് തടസ്സമാകുന്നതുമായ നിയമലംഘനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്കുള്ള സാധാരണ പിഴകളെക്കാൾ വളരെ ഉയർന്ന ശിക്ഷയാണ് സഹായകരായി പ്രവർത്തിക്കുന്നവർക്കും സൗകര്യം ഒരുക്കുന്നവർക്കും ലഭിക്കുക. നിയമം തെറ്റിച്ച് രാജ്യത്തേക്ക് കടന്നവർക്ക് താമസിക്കാനോ, ജോലി ചെയ്യാനോ, മറ്റ് സഹായങ്ങളോ നൽകുന്നവർക്ക് കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴ ചുമത്തും. ഒന്നിലധികം പ്രതികളോ സംഘടിത ശൃംഖലകളോ ഉൾപ്പെട്ട കേസുകളിൽ രണ്ടു മാസം വരെ തടവും 50 ലക്ഷം ദിർഹം വരെ പിഴയും വിധിക്കാനാകും.
വീസ, താമസാനുമതി ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് നേരെയുള്ള ഗുരുതരമായ ഭീഷണിയായാണ് യുഎഇ കണക്കാക്കുന്നത്. മുൻകാലങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും കോടതികൾ വിധിച്ചിട്ടുണ്ട്. കൂടാതെ, വിസിറ്റ്, ടൂറിസ്റ്റ് വീസകൾ ദുരുപയോഗം ചെയ്ത് ജോലിയിൽ ഏർപ്പെടുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ലഭിക്കും. വീസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്ന വ്യക്തികൾക്ക് നിലവിലെ നിയമപ്രകാരം ദിവസേന 50 ദിർഹം വീതം പിഴ ഈടാക്കുകയും ചെയ്യും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Strict action for visa violations in the UAE: Fines of up to 5 million dirhams, now helpers will also be caught






