തിരുവനന്തപുരം: 2025-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രണ്ടാംഘട്ട വോട്ടെടുപ്പ് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. രാവിലെ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം 8.82 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലകളിൽ വയനാട് (9.91%), പാലക്കാട് (9.18%) , തൃശൂർ (8.94%) എന്നിവയാണ് തുടക്കത്തിൽ മുന്നിൽ. മലപ്പുറം, കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്ഥിരമായ പോളിംഗ് പ്രവണതയാണ് കണ്ടത്.
വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ പല ജില്ലകളിലുമുള്ള ബൂത്തുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ തകരാറിലായി. പാലക്കാട് നെല്ലായ പട്ടിശ്ശേരി വാർഡ്, മനിശ്ശേരി വെസ്റ്റ് വാർഡ്, കാസർകോട് ദേലംപാടി പഞ്ചായത്ത് വാർഡ് 16, മലപ്പുറം എ.ആർ. നഗർ വാർഡ് 5, കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ ബൂത്തുകൾ തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് വോട്ടിംഗ് താൽക്കാലികമായി തടസപ്പെട്ടത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് മെഷീനുകൾ മാറ്റിസ്ഥാപിച്ചതിനുശേഷം വോട്ടെടുപ്പ് പുനരാരംഭിച്ചു. ചില ബൂത്തുകളിൽ വോട്ടർമാർക്ക് ഏറെ നേരം കാത്തിരിക്കേണ്ട സാഹചര്യമാണുണ്ടായത്.
പോളിംഗ് പൊതുവെ സമാധാനപരമായിരുന്നുവെങ്കിലും ചില ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പാലക്കാട് കരിമ്പ പഞ്ചായത്തിൽ കള്ളവോട്ടിന് ശ്രമമുണ്ടായതായി പരാതി ഉയർന്നപ്പോൾ, കണ്ണൂർ ചെങ്ങളായി പഞ്ചായത്തിൽ സ്ഥാനാർത്ഥിയുടെ ഏജന്റ്മാർ മർദനമേൽക്കുകയായിരുന്നുവെന്ന ആരോപണം ഉയർന്നു. പാലക്കാട് കാഞ്ഞിരപ്പുഴയിൽ മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനെ മാറ്റി പുതിയ ജീവനക്കാരനെ നിയോഗിക്കുകയും, തൃശൂർ വലക്കാവ് എൽ.പി. സ്കൂൾ ബൂത്തിൽ തേനീച്ചാക്രമണത്തെ തുടർന്ന് എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Second phase of local body elections: 8.82% polling in first two hours; Crowds at booths in the morning



