വാഷിംഗ്ടൺ ഡി.സി.: കാനഡയുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡിസംബർ 8 ഞായറാഴ്ച 2025-ലെ കെനഡി സെന്റർ ഹോണേഴ്സ് ഗാലയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് ചർച്ചകൾ പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന് “നമുക്ക് കാണാം” (We’ll see) എന്ന് ട്രംപ് മറുപടി നൽകിയത്. കാനഡയുമായുള്ള നിലവിലെ വ്യാപാര തർക്കങ്ങളെക്കുറിച്ചും അദ്ദേഹം നിരവധി അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
പ്രധാനമന്ത്രി മാർക്ക് കാർണിയുമായി തനിക്ക് നല്ല ബന്ധമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേ, സമയം അമേരിക്ക നിർമ്മിക്കുന്നു അതേ ഉത്പന്നങ്ങൾ കാനഡ നിർമ്മിക്കുന്നുണ്ടെന്നും അതിനാൽ ആ സാധനങ്ങൾ തങ്ങൾക്ക് ആവശ്യമില്ലെന്ന വിമർശനവും ട്രംപ് ഉന്നയിച്ചു. എന്നിരുന്നാലും, വ്യാപാര പ്രശ്‌നങ്ങൾ പരിഹരിക്കാൻ തന്നെയാണ് തീരുമാനമെന്ന പരോക്ഷ നിലപാടും ട്രംപ് വ്യക്തമാക്കി.
വെള്ളിയാഴ്ച നടന്ന ഫിഫ ലോകകപ്പ് നറുക്കെടുപ്പിനിടെ പ്രധാനമന്ത്രി കാർണി, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം എന്നിവർക്കൊപ്പം ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച വളരെ ഉൽപ്പാദനക്ഷമമായിരുന്നു എന്നും പ്രധാനമായും വ്യാപാരത്തെക്കുറിച്ചാണ് ചർച്ച ചെയ്തതെന്നും ട്രംപ് വെളിപ്പെടുത്തി. താരിഫുകളെ വിമർശിച്ചുകൊണ്ട് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗനെ ഉദ്ധരിച്ചുള്ള ഒന്റാരിയോ സ്പോൺസർ ചെയ്ത ഒരു പരസ്യത്തെ ചൊല്ലി ഒക്ടോബറിൽ വ്യാപാര ചർച്ചകൾ നിർത്തിവെച്ചതിന് ശേഷം ട്രംപും കാർണിയും തമ്മിൽ നടന്ന ആദ്യത്തെ സ്വകാര്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ചർച്ചകൾ നിർത്തിവെച്ചതിന് പിന്നാലെ കാനഡയ്ക്കെതിരായ താരിഫുകൾ ട്രംപ് ഭരണകൂടം ഓഗസ്റ്റിൽ 35 ശതമാനമായി വർദ്ധിപ്പിച്ചിരുന്നു. മെക്സിക്കോയ്ക്ക് 25 ശതമാനമാണ് നിലവിലെ താരിഫ്, അവർക്ക് പ്രസിഡന്റ് ഇപ്പോഴും ഇളവുകൾ നൽകുന്നുണ്ട്. ഇതുകൂടാതെ സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈൽസ്, മരം, ചെമ്പ് എന്നിവയുടെ പ്രത്യേക താരിഫുകളും ഇരു രാജ്യങ്ങൾക്കും നേരിടേണ്ടി വരുന്നുണ്ട്. CUSMA എന്നറിയപ്പെടുന്ന കാനഡ-യു.എസ്.-മെക്സിക്കോ വ്യാപാര കരാർ അടുത്ത വർഷം അവലോകനത്തിനായി വരുമ്പോൾ, അത് ഇല്ലാതാക്കുന്നതിനെക്കുറിച്ച് ട്രംപ് ബുധനാഴ്ച സൂചന നൽകിയിരുന്നു.
വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം, കാനഡ-യു.എസ്.-മെക്സിക്കോ വ്യാപാര കരാറിൽ (CUSMA) തുടർന്നും പ്രവർത്തിക്കാൻ നേതാക്കൾ സമ്മതിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, മെക്സിക്കോയും കാനഡയും താരിഫ് ഒഴിവാക്കുന്നതിനുള്ള വഴികൾ തേടുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Trade dispute: Trump tells Canada ‘we’ll see’; talks in limbo






