ഒന്റാരിയോ: ഒന്റാരിയോയിൽ ജോലി തേടുന്ന പുതിയ കുടിയേറ്റക്കാർക്ക് അവരുടെ വൈദഗ്ധ്യത്തിനും അനുഭവത്തിനും അനുയോജ്യമായ ജോലികൾ നേടുന്നത് ഇനി എളുപ്പമാകും. ഒന്റാരിയോയുടെ Employment Standards Act – ESA മാറ്റങ്ങളുടെ ഭാഗമായി 2026 ജനുവരി 1 മുതൽ നിരവധി പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരും. വൈദഗ്ധ്യമുള്ള പുതിയ കുടിയേറ്റക്കാർക്ക് തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിനുള്ള പ്രധാന തടസ്സങ്ങളിലൊന്നായിരുന്ന ‘കനേഡിയൻ വർക്ക് എക്സ്പീരിയൻസ്’ വേണമെന്ന നിബന്ധന പൊതു തൊഴിൽ പരസ്യങ്ങളിൽ ഉൾപ്പെടുത്തുന്നത് പുതിയ നിയമപ്രകാരം നിരോധിച്ചിരിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് പോലും പ്രാദേശിക പരിചയമില്ലാത്തതിൻ്റെ പേരിൽ അവസരം നഷ്ടപ്പെടുന്നത് ഇത് ഒഴിവാക്കും.
ഇതുകൂടാതെ, നിയമന പ്രക്രിയ കൂടുതൽ സുതാര്യമാക്കാൻ ലക്ഷ്യമിട്ടുള്ള മറ്റ് സുപ്രധാന വ്യവസ്ഥകളും പ്രാബല്യത്തിൽ വരും. തൊഴിൽ ദാതാക്കൾ തങ്ങളുടെ പരസ്യങ്ങളിൽ പ്രതീക്ഷിക്കുന്ന ശമ്പളമോ ശമ്പള പരിധിയോ നിർബന്ധമായും വെളിപ്പെടുത്തിയിരിക്കണം. ഒരു വർഷം 200,000 ഡോളറിന് മുകളിൽ ശമ്പളമുള്ള ജോലികൾ ഒഴികെ, ശമ്പള പരിധിയിലുള്ള വ്യത്യാസം 50,000 ഡോളറിൽ കൂടാൻ പാടില്ല.
കൂടാതെ, നിയമന പ്രക്രിയയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിക്കുന്നുണ്ടെങ്കിൽ, തൊഴിൽ ദാതാക്കൾ അത് പരസ്യത്തിൽ വ്യക്തമാക്കണം. ഇത് ഉദ്യോഗാർത്ഥികളെ അപേക്ഷകൾ തയ്യാറാക്കാൻ സഹായിക്കും. പരസ്യപ്പെടുത്തുന്ന ജോലി നിലവിലുള്ള ഒഴിവാണ് എന്ന് തൊഴിൽ പരസ്യത്തിൽ സൂചിപ്പിക്കേണ്ടതും നിർബന്ധമാണ്. മാത്രമല്ല, അപേക്ഷകരെ ഇൻ്റർവ്യൂ ചെയ്ത ശേഷം, നിയമനം സംബന്ധിച്ച് തീരുമാനമെടുത്തോ എന്ന് 45 ദിവസത്തിനുള്ളിൽ അറിയിക്കാനും തൊഴിൽ ദാതാക്കൾ ബാധ്യസ്ഥരാണ്. ഈ പുതിയ നിയമങ്ങൾ ഒന്റാരിയോയിലെ നിയമന പ്രക്രിയ കൂടുതൽ നീതിയുക്തവും സുതാര്യവുമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New Ontario labour laws to remove barriers for newcomers seeking jobs






