ബ്രസ്സൽസ്: ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സി’ന് 120 മില്യൺ യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ റെഗുലേറ്റർമാർ. ഡിജിറ്റൽ ഇടങ്ങളിൽ നിയമവിരുദ്ധവും ദോഷകരവുമായ ഉള്ളടക്കങ്ങൾ തടയുന്നതിൽ പ്ലാറ്റ്‌ഫോം വേണ്ടത്ര ശ്രദ്ധ നൽകിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.യു. ഈ നടപടിയെടുത്തിരിക്കുന്നത്. ഇ.യു.വിൻ്റെ സുപ്രധാന നിയമനിർമ്മാണമായ ഡിജിറ്റൽ സർവീസസ് ആക്ട് (ഡി.എസ്.എ.) പ്രകാരമുള്ള ആദ്യത്തെ പ്രധാന നടപടിയാണിത്. നിയമലംഘനം സംബന്ധിച്ചുള്ള യൂറോപ്യൻ കമ്മീഷൻ്റെ പോസ്റ്റിന് താഴെ “Bulls–t” എന്ന് മസ്ക് ഉടൻ തന്നെ പ്രതികരിച്ചു. അതോടൊപ്പം, ഈ തീരുമാനത്തെ വിമർശിക്കുന്ന സന്ദേശങ്ങൾ റീപോസ്റ്റ് ചെയ്യുകയും, “സംസാര സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിൻ്റെ അടിത്തറ” എന്ന് കുറിക്കുകയും ചെയ്തു.
ഡി.എസ്.എ. നിയമത്തിലെ സുതാര്യതാ വ്യവസ്ഥകൾ ലംഘിച്ചു എന്നതിനാണ് എക്‌സിനെതിരെ പ്രധാനമായും പിഴ ചുമത്തിയിരിക്കുന്നത്. ഇ.യു. റെഗുലേറ്റർമാർ ‘എക്സി’ൽ നടത്തിയ അന്വേഷണത്തിൽ മൂന്ന് പ്രധാന ഡിജിറ്റൽ സേവന നിയമ (ഡി.എസ്.എ.) ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെരിഫൈഡ് അക്കൗണ്ടുകൾക്ക് നൽകുന്ന നീല ടിക്കുകൾ (Blue Checkmark) സംബന്ധിച്ച് ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്ന വഞ്ചനാപരമായ രൂപകൽപ്പനയാണ് അതിലൊന്ന്. കൂടാതെ, പ്ലാറ്റ്‌ഫോമിലെ പരസ്യ ശേഖരത്തിന് ആവശ്യമായ സുതാര്യത ഇല്ലാത്തതും, ഗവേഷകർക്ക് പൊതു ഡാറ്റയിലേക്ക് പ്രവേശനം നൽകുന്നതിൽ വന്ന വീഴ്ചകളും ഡി.എസ്.എ. നിയമലംഘനങ്ങളായി ഇ.യു. റെഗുലേറ്റർമാർ സ്ഥിരീകരിച്ചു. പിഴ ചുമത്തുന്നതിലൂടെ ഇ.യു. സെൻസർഷിപ്പ് നടപ്പാക്കുകയല്ലെന്നും ഡിജിറ്റൽ നിയമങ്ങൾ നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇ.യു. ടെക് മേധാവി ഹെന്ന വിർക്കുനെൻ പ്രതികരിച്ചു. നിയമങ്ങൾ പാലിക്കുന്നതിൽ പ്ലാറ്റ്‌ഫോം പരാജയപ്പെട്ടതാണ് പിഴയ്ക്ക് കാരണമായതെന്നും അവർ കൂട്ടിച്ചേർത്തു.
അമേരിക്കൻ കമ്പനികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന വിമർശനം അമേരിക്കൻ സർക്കാരിൽ നിന്നും മറ്റ് രാഷ്ട്രീയ നേതാക്കളിൽ നിന്നും ഇ.യു. നടപടിക്കെതിരെ ഉയരുന്നുണ്ട്. യു.എസ്. വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും അടക്കമുള്ളവർ പിഴ ചുമത്തിയതിനെതിരെ രംഗത്തുവന്നു. സെൻസർഷിപ്പിന് വഴങ്ങാത്തതിനാണ് എക്‌സിനെതിരെ പിഴ ചുമത്തിയത് എന്നായിരുന്നു വാൻസിൻ്റെ ആരോപണം. എന്നാൽ, തങ്ങളുടെ നിയമങ്ങൾ ഒരു രാജ്യത്തെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും, യൂറോപ്പിലെ ഡിജിറ്റൽ, ജനാധിപത്യ നിലവാരം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കി. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ 60 മുതൽ 90 വരെ പ്രവൃത്തി ദിവസങ്ങളാണ് എക്‌സിന് അനുവദിച്ചിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
EU fines Exxon Mobil for violating EU law by 120 million euros



