കാൽഗറി: രാജ്യത്തെ മികച്ച അഞ്ച് ഗവേഷണ സർവകലാശാലകളിൽ ഇടം നേടി യൂണിവേഴ്സിറ്റി ഓഫ് കാൽഗറി (UCalgary). 50 ഗവേഷണ സർവകലാശാലകളുടെ ‘റിസർച്ച് ഇൻഫോസോഴ്‌സ്’ റാങ്കിംഗിലാണ് യു കാൽഗറി അഞ്ചാം സ്ഥാനത്തെത്തിയത്. മുൻ വർഷത്തെ റാങ്കിംഗിനേക്കാൾ ഒരു സ്ഥാനം മുന്നിലെത്തിയാണ് സർവകലാശാല ഈ നേട്ടം കൈവരിച്ചത്. 2024-ലിൽ ഗവേഷണത്തിന് പുറത്തുനിന്ന് എത്ര പണം (ഫണ്ട്) ലഭിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് 2025-ലെ ഈ റാങ്കിംഗ് നിശ്ചയിച്ചത്. ഈ വർഷം യു കാൽഗറിക്ക് ഏകദേശം 600 മില്യൺ ഡോളറിനടുത്ത് ഗവേഷണ ഫണ്ട് ലഭിച്ചു. ടൊറന്റോ സർവകലാശാല, യൂണിവേഴ്സിറ്റി ഡി മോൺട്രിയൽ, മക്ഗിൽ സർവകലാശാല, യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ എന്നിവയാണ് റാങ്കിംഗിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയത്.
യു കാൽഗറിയിൽ നടക്കുന്ന ഗവേഷണങ്ങൾ ‘നമ്മുക്ക് ചുറ്റുമുള്ള ലോകത്തെ മെച്ചപ്പെടുത്തുന്നു’ എന്ന് സർവകലാശാലാ പ്രസിഡന്റും വൈസ് ചാൻസലറുമായ എഡ് മക്കോളി പറഞ്ഞു. ഇവിടുത്തെ ഗവേഷണങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, പുതിയ സാമ്പത്തിക മേഖലകൾക്ക് കരുത്തേകുമെന്നും, ആൽബർട്ട നിവാസികളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും, ജീവൻ രക്ഷിക്കാൻ പോലും ഉപകരിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വെറും 59 വർഷം കൊണ്ട്, യു കാൽഗറി വളരെക്കാലമായി നിലനിൽക്കുന്ന സ്ഥാപനങ്ങളുമായി മത്സരിക്കുന്ന ഒരു ഗവേഷണ-നൂതനാശയ ശക്തികേന്ദ്രമായി മാറിക്കഴിഞ്ഞു. വലിയ സ്വപ്നങ്ങളും, സംരംഭകരെപ്പോലെയുള്ള ചിന്തകളും, അക്കാദമിക നിലവാരത്തിലുള്ള ശ്രദ്ധയും ഉള്ളതുകൊണ്ട്, ഞങ്ങളുടെ ഗവേഷകർ എല്ലാ ദിവസവും ഈ വെല്ലുവിളിയെ നേരിടുന്നു” മക്കോളി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
തങ്ങളുടെ ഗവേഷണ സമൂഹത്തിന്റെ ‘മിടുക്കും സമർപ്പണവുമാണ്’ ഈ റാങ്കിംഗിന് പിന്നിലെന്ന് യു കാൽഗറി വൈസ് പ്രസിഡന്റ് വില്യം ഘാലി പ്രതികരിച്ചു. ലഭിച്ച ഫണ്ട് വെറുമൊരു തുകയല്ലെന്നും അത് വഴി സമൂഹത്തിന് ഏറ്റവും അത്യാവശ്യമായ പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങളും, ജീവൻ രക്ഷിക്കുന്ന കണ്ടെത്തലുകളും, നൂതനാശയങ്ങളുമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റാങ്കിംഗിൽ അഞ്ചാം സ്ഥാനത്ത് എത്താനായത് യു കാൽഗറിയിലെ ഗവേഷണ മികവിന്റെയും വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ശക്തമായ പഠനാന്തരീക്ഷത്തിന്റെയും തെളിവാണെന്ന് എഡ് മക്കോളി മാധ്യമങ്ങളോട് പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
U of Calgary ranked fifth among Canada's top research universities for second year in a row






