ഒട്ടാവ: കാനഡയുടെ അതിർത്തി സുരക്ഷയും കുടിയേറ്റ സംവിധാനവും സംബന്ധിച്ച പുതിയ ബില്ലിൽ (Bill C-12) നിർണായക ഭേദഗതികൾ വരുത്തി കമ്മിറ്റി. പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ബന്ധപ്പെട്ട ഈ ബിൽ, ഗവർണർ ജനറലിന് കുടിയേറ്റ നടപടികളിൽ വിപുലമായ അധികാരം നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ ‘അമിതാധികാരം’ പരിമിതപ്പെടുത്തുന്ന ഭേദഗതികളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
അമിതാധികാരം പരിമിതപ്പെടുത്തുന്നു:
നേരത്തെ, പൊതുതാൽപര്യത്തിനനുസരിച്ച് കുടിയേറ്റ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്താനോ പ്രോസസ് ചെയ്യുന്നത് റദ്ദാക്കാനോ വർക്ക് പെർമിറ്റുകൾ, സ്റ്റഡി പെർമിറ്റുകൾ, പി.ആർ. കാർഡുകൾ തുടങ്ങിയ കുടിയേറ്റ രേഖകൾ റദ്ദാക്കാനോ സസ്പെൻഡ് ചെയ്യാനോ ഗവർണർ ജനറലിന് അധികാരം നൽകുന്ന വ്യവസ്ഥകൾ ബില്ലിൽ ഉണ്ടായിരുന്നു. എന്നാൽ, പുതിയ ഭേദഗതി പ്രകാരം, ‘പൊതുതാൽപര്യം’ എന്നത് വ്യക്തമായ ചില കാര്യങ്ങൾക്ക് വേണ്ടി മാത്രമായി പരിമിതപ്പെടുത്തി:
ഭരണപരമായ പിഴവുകൾ (Administrative errors)
തട്ടിപ്പ് (Fraud)
പൊതുജനാരോഗ്യം (Public health)
പൊതു സുരക്ഷ (Public safety)
ദേശീയ സുരക്ഷ (National security)
ഈ ഭേദഗതി നിയമമാവുകയാണെങ്കിൽ, വിദേശ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും അവരുടെ അപേക്ഷകളോ രേഖകളോ ഏകപക്ഷീയമായി റദ്ദാക്കില്ല എന്ന ഉറപ്പ് ലഭിക്കും.
ഉത്തരവാദിത്തം വർധിക്കുന്നു:
കൂടാതെ, അത്തരം കടുത്ത നടപടികൾ സ്വീകരിച്ചാൽ കൂടുതൽ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കാനുള്ള വ്യവസ്ഥകളും കൂട്ടിച്ചേർത്തു. ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചാൽ, അത് ന്യായീകരിക്കാനുള്ള കാരണങ്ങൾ ഉൾപ്പെടുത്തി എത്ര പേരെ ബാധിച്ചു എന്നതിൻ്റെ വിവരങ്ങൾ സഹിതം ഇമിഗ്രേഷൻ മന്ത്രി പാർലമെൻ്റിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത് നിർബന്ധമാക്കും.
നിലവിൽ റിപ്പോർട്ട് ഘട്ടത്തിലുള്ള ബിൽ, ജനപ്രതിനിധി സഭയിൽ (House of Commons) ചർച്ച ചെയ്യും. മൂന്നാം വായനയിൽ ബിൽ പാസായാൽ, അത് സെനറ്റിലേക്ക് പോവുകയും റോയൽ അസൻ്റ് ലഭിക്കുന്നതോടെ നിയമമായി മാറുകയും ചെയ്യും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Committee amends Carney’s border bill to limit sweeping executive powers






