ഒട്ടാവ: കാനഡയിൽ ഓൺലൈൻ സ്പോർട്സ് ഗാംബ്ലിങ് പരസ്യങ്ങൾ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ പരസ്യങ്ങൾ പൊതുജനാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി വിൻഡ്‌സർ ഹോസ്പിറ്റൽ-ഡൈ ഗ്രേസ് ഹെൽത്ത് കെയർ സിഇഒ ബിൽ മാരാ രംഗത്തെത്തി. ചൂതാട്ടത്തിന് അടിമപ്പെട്ട് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരട്ടിയായതായി ഗാംബ്ലിങ് അഡിക്ഷന് ചികിത്സ നൽകുന്ന ഹോസ്പിറ്റൽ-ഡൈ ഗ്രേസ് ഹെൽത്ത് കെയർ സിഇഒ ബിൽ മാരാ വെളിപ്പെടുത്തി. ചൂതാട്ട പരസ്യങ്ങൾ ആളുകളെ പ്രലോഭിപ്പിക്കുകയും മാനസികാരോഗ്യത്തിൽ ഗുരുതരമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. പൂർണ്ണ നിരോധനത്തിന് പകരം, ചൂതാട്ടം മൂലമുണ്ടാകുന്ന അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് ആരോഗ്യ മേഖലയ്ക്ക് കൂടുതൽ വിഭവങ്ങൾ സർക്കാർ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഓൺലൈൻ കായിക വാതുവെപ്പ് പരസ്യങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ സെനറ്റർ പേഴ്‌സി ഡൗൺ പ്രധാനമന്ത്രിക്ക് കത്തയച്ചു. പൊതുജനാരോഗ്യത്തെ മുൻനിർത്തി സിഗരറ്റ് പരസ്യങ്ങൾ നിരോധിച്ചതുപോലെ, ചൂതാട്ട പരസ്യങ്ങളും നിരോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. യുവതലമുറയെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും, ബെൽജിയം, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഏർപ്പെടുത്തിയതുപോലെ കാനഡയും പൂർണ്ണ നിരോധനം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കായികതാരങ്ങളെയും സെലിബ്രിറ്റികളെയും ഉപയോഗിച്ചുള്ള പരസ്യങ്ങൾ നിരോധിച്ചത് ഉൾപ്പെടെയുള്ള കർശനമായ നിയമങ്ങൾ ഒന്റാറിയോയിലെ ആൽക്കഹോൾ ആൻഡ് ഗെയിമിങ് കമ്മീഷൻ (AGCO) ഇതിനോടകം നടപ്പാക്കിയിട്ടുണ്ടെന്നും, നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
The demand to ban online sports gambling ads in Canada is growing






