ക്യുബെക്ക്: ക്യുബെക്കിൽ മതം പൊതുരംഗത്ത് നിന്ന് പൂർണ്ണമായി ഒഴിവാക്കുന്നതിനുള്ള പുതിയ നിയമനിർമ്മാണവുമായി സർക്കാർ മുന്നോട്ട്. ഇതിന്റെ ഭാഗമായി, മോൺട്രിയൽ അടക്കമുള്ള ക്യുബെക്കിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (CEGEPs, യൂണിവേഴ്സിറ്റികൾ) പ്രാർത്ഥനാ മുറികൾ നിർത്തലാക്കാൻ നീക്കം തുടങ്ങി. ക്യുബെക്കിലെ കോളേജുകളും യൂണിവേഴ്സിറ്റികളും ആരാധനാലയങ്ങളല്ല (Temples or Churches) എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിദ്യാഭ്യാസമന്ത്രി ജീൻ-ഫ്രാങ്കോയിസ് റോബർഗ് ഈ തീരുമാനമെടുത്തത്. ദിവസേന നൂറുകണക്കിന് വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന പ്രാർത്ഥനാ മുറികൾ പുതിയ ബിൽ പ്രകാരം നീക്കം ചെയ്യപ്പെടും.
പൊതുനിരത്തുകളിലും പാർക്കുകളിലും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലെ കൂട്ടായ മതപരമായ ആചാരങ്ങൾക്കും പ്രാർത്ഥനകൾക്കും പുതിയ നിയമം വിലക്കേർപ്പെടുത്തും. ഇത് ലംഘിക്കുന്ന വ്യക്തികൾക്ക് $375 വരെയും ഗ്രൂപ്പുകൾക്ക് $1,125 വരെയും പിഴ ചുമത്താൻ സാധ്യതയുണ്ട്. സർക്കാർ സബ്‌സിഡിയോടെ പ്രവർത്തിക്കുന്ന ഡേകെയറുകളിലെ പുതിയ ജീവനക്കാർ മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നത് ബിൽ പാസായാൽ അനുവദനീയമല്ല. ഈ നിയമത്തിന് കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാകാതിരിക്കാൻ, കോടതി വിധി മറികടക്കാൻ അധികാരം നൽകുന്ന ‘നോട്ട് വിത്ത് സ്റ്റാൻഡിംഗ് ക്ലോസ്’ (Notwithstanding Clause) ഉൾപ്പെടുത്തിയാണ് ബിൽ അവതരിപ്പിച്ചത്.
ഈ നീക്കം മുസ്ലീം സമുദായത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന് കോൺകോർഡിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ആരോപിച്ചു. പ്രാർത്ഥനാ മുറികൾ നിർത്തലാക്കുന്നത് തങ്ങളുടെ കമ്മ്യൂണിറ്റിക്കെതിരായ വ്യക്തിപരമായ ആക്രമണമായി തോന്നുന്നുവെന്ന് ഒരു വിദ്യാർത്ഥി പറഞ്ഞു. പ്രാർത്ഥന നിർത്താൻ വിദ്യാർത്ഥികൾ തയ്യാറാവില്ലെന്നും, ഇത് വിദ്യാർത്ഥികളെ ഇടനാഴികളിലോ തെരുവുകളിലോ പ്രാർത്ഥിക്കാൻ നിർബന്ധിതരാക്കുമെന്നും മുസ്ലീം സ്റ്റുഡന്റ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
മതപരമായ ന്യൂനപക്ഷങ്ങളെ അനാവശ്യമായി ലക്ഷ്യമിടുന്നതാണ് ഈ നിയമമെന്നും ഇത് പൊതുവിൽ ഒരു പ്രശ്‌നമേ ആയിരുന്നില്ലെന്നും നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസ് വിമർശിച്ചു. പുതിയ ബിൽ അടുത്ത മാസങ്ങളിൽ പാർലമെന്ററി കമ്മീഷൻ ഹിയറിംഗിന് വിധേയമാവുകയും അടുത്ത വർഷത്തോടെ പാസാക്കുകയും ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Quebec unveils sweeping new secularism bill targeting prayer rooms






