ടൊറന്റോ: ഒന്റാറിയോയിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ (Food Insecurity) അതിരൂക്ഷമാവുകയാണെന്ന് പുതിയ റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പത്ത് ലക്ഷത്തിലധികം ആളുകൾ ഒരു നേരത്തെ ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിച്ചതായി ‘ഫീഡ് ഒന്റാറിയോ’ (Feed Ontario) പുറത്തിറക്കിയ വാർഷിക ‘ഹംഗർ റിപ്പോർട്ട്’ വ്യക്തമാക്കുന്നു. തുടർച്ചയായി ഒൻപതാം വർഷമാണ് ഒന്റാറിയോയിൽ ഫുഡ് ബാങ്ക് സേവനങ്ങൾ തേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്.
റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 2024 ഏപ്രിൽ ഒന്നു മുതൽ ഈ വർഷം മാർച്ച് 31 വരെയുള്ള കാലയളവിലെ കണക്കുകളാണ്. ഈ പന്ത്രണ്ട് മാസങ്ങൾക്കുള്ളിൽ 10 ലക്ഷത്തിലധികം (10,07,441) ആളുകളാണ് ഒന്റാറിയോയിലെ ഫുഡ് ബാങ്ക് സേവനങ്ങൾ തേടിയെത്തിയത്. ഇവർ ആകെ 8.7 മില്യൺ തവണ (ഏകദേശം 87 ലക്ഷം) സഹായത്തിനായി ഫുഡ് ബാങ്കുകളെ സമീപിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് ഒരു ശതമാനം വർദ്ധനവ് മാത്രമാണെങ്കിലും, 2020-ലെ റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ ഉപയോഗത്തിൽ 87 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വർഷം സഹായം തേടിയവരിൽ 34 ശതമാനം പേരും കഴിഞ്ഞ ഒരു വർഷത്തിനിടെ ആദ്യമായി ഫുഡ് ബാങ്കിൽ എത്തിയവരാണ്. ഫുഡ് ബാങ്കുകൾ പതിവായി ഉപയോഗിക്കുന്ന ആളുകൾ സേവനം തേടുന്ന തവണകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. മുൻപ് വർഷത്തിൽ അഞ്ചോ ആറോ തവണ മാത്രം സഹായം തേടിയിരുന്നവർ ഇപ്പോൾ ഒൻപതോ പത്തോ തവണ എത്തുന്നുവെന്ന് ഫീഡ് ഒന്റാറിയോ സി.ഇ.ഒ. കരോലിൻ സ്റ്റുവർട്ട് പറഞ്ഞു.
കൂടുതൽ ആളുകൾ സഹായത്തിനായി കൂടുതൽ കാലയളവിലേക്ക് ഫുഡ് ബാങ്കുകളെ ആശ്രയിക്കാൻ തുടങ്ങിയതാണ് ഉപയോഗം കുത്തനെ വർദ്ധിക്കാൻ കാരണം.
ഭക്ഷ്യ അരക്ഷിതാവസ്ഥ വെറുമൊരു വിശപ്പിന്റെ പ്രശ്നം എന്നതിലുപരി, ഭവനം, ആരോഗ്യ സംരക്ഷണം, സാമൂഹിക ബന്ധങ്ങൾ തുടങ്ങി ജീവിതത്തിന്റെ മറ്റു പല മേഖലകളെയും എങ്ങനെ ബാധിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രധാന ആശങ്കയെന്ന് കരോലിൻ സ്റ്റുവർട്ട് ചൂണ്ടിക്കാട്ടി. “ഈ റിപ്പോർട്ട് ദാരിദ്ര്യത്തിന്റെയും പരസ്പരം ബന്ധിക്കപ്പെട്ട മറ്റ് പ്രശ്നങ്ങളുടെയും ഒരു അപായമണി ആയി കണക്കാക്കണം. എല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടുമ്പോളാണ് ശക്തമായ ഒരു സമൂഹം രൂപപ്പെടുന്നത്. അത് സംഭവിക്കാതെ വരുമ്പോൾ, ദാരിദ്ര്യം സമൂഹങ്ങളെ ദുർബലപ്പെടുത്തുകയും ജനങ്ങൾക്ക് സംവിധാനങ്ങളിലുള്ള വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നു,” സ്റ്റുവർട്ട് വ്യക്തമാക്കി.
ഭക്ഷ്യ ദൗർലഭ്യം ആരോഗ്യമേഖലയിലും വലിയ സമ്മർദ്ദമുണ്ടാക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. മതിയായ പോഷകാഹാരം ലഭിക്കാത്തത് കാരണം പ്രമേഹം, ഹൃദ്രോഗം, സാംക്രമികേതര രോഗങ്ങൾ എന്നിവ കൂടാനും ആശുപത്രികളിൽ കൂടുതൽ ചെലവും കാത്തിരിപ്പ് സമയവും ഉണ്ടാക്കാനും ഇത് കാരണമാകും. ഫുഡ് ബാങ്കുകളിലെ ആവശ്യം അടുത്ത വർഷവും തുടരുമെന്നാണ് വാട്ടർലൂ റീജിയൺ ഫുഡ് ബാങ്ക് സി.ഇ.ഒ. കിം വിൽഹെമിന്റെ പ്രവചനം. “2026-ലും പ്രയാസകരമായ സാഹചര്യങ്ങൾ തുടരും. സമ്പദ്‌വ്യവസ്ഥ ഇപ്പോഴും അസ്ഥിരമായി തുടരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Food crisis deepens in Ontario; Food bank use has surged 87% in four years; Report released






