ഡൽഹി: ഇന്ത്യയുടെ കൈവശമുള്ള തന്ത്രപ്രധാനമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ 100 രൂപ നോട്ട് പുറത്തിറക്കിയ നേപ്പാളിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ഈ ഏകപക്ഷീയമായ നീക്കം അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. തർക്കമേഖലകളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവ ഉൾപ്പെടുത്തിയ ഭൂപടമാണ് നേപ്പാൾ രാഷ്ട്ര ബാങ്ക് (NRB) പുതിയ കറൻസിയിൽ അച്ചടിച്ചിരിക്കുന്നത്.
വിദേശകാര്യ മന്ത്രാലയം ഈ സംഭവത്തെ രൂക്ഷമായി തന്നെ അപലപിച്ചു. അടിസ്ഥാനപരമായ തെളിവുകളോ ചരിത്രപരമായ രേഖകളോ ഇല്ലാതെ മറ്റ് രാജ്യങ്ങൾ അതിർത്തികളിൽ ഏകപക്ഷീയമായി മാറ്റങ്ങൾ വരുത്തിയാൽ ഇന്ത്യ അത് അംഗീകരിക്കില്ല. ഇത്തരത്തിലുള്ള പ്രകോപനപരമായ നീക്കങ്ങളിൽ നിന്ന് നേപ്പാൾ പിന്മാറണം എന്നും ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നൽകി. നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ അതിർത്തി സംബന്ധിച്ച ചർച്ചകൾ തുടരവേയാണ് നേപ്പാളിന്റെ ഭാഗത്തുനിന്നുള്ള ഈ ഏകപക്ഷീയ നടപടി.
നേപ്പാൾ രാഷ്ട്ര ബാങ്ക് (എൻആർബി) വ്യാഴാഴ്ചയാണ് പുതിയ 100 രൂപ നോട്ട് പുറത്തിറക്കിയത്. പഴയ ഗവർണർ മഹാ പ്രസാദ് അധികാരിയുടെ ഒപ്പുള്ള നോട്ടിൽ ‘2081 ബിഎസ്’ (ഇത് 2024 നെയാണ് സൂചിപ്പിക്കുന്നത്) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് 2020-ൽ കെ.പി. ശർമ ഒലി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നേപ്പാൾ തങ്ങളുടെ ഭൂപടം പരിഷ്കരിച്ചിരുന്നു. അന്നും ഈ നടപടി ഇന്ത്യ ശക്തമായി അപലപിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
നാലു വർഷങ്ങൾക്കിപ്പുറം, ആ പുതുക്കിയ ഭൂപടം ഔദ്യോഗികമായി കറൻസിയിൽ അച്ചടിച്ച് പുറത്തിറക്കിയതോടെയാണ് വിഷയം വീണ്ടും വലിയ വാർത്താ പ്രാധാന്യം നേടുകയും നയതന്ത്ര തലത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തത്. അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രകോപനപരമായ പ്രവൃത്തികൾ ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന ആശങ്കയും സർക്കാർ വൃത്തങ്ങൾ പങ്കുവെച്ചു.
അന്താരാഷ്ട്ര തലത്തിലും നയതന്ത്ര തലത്തിലും ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും, അതിർത്തി വിഷയത്തിൽ ചർച്ചകളിലൂടെ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ എന്നും സർക്കാർ വൃത്തങ്ങൾ എൻഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
nepal-new-currency-disputed-territory-india
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






