ഒന്റാരിയോ: ഒന്റാരിയോയിൽ ദിവസങ്ങൾ നീണ്ടുനിന്ന കൊടുങ്കാറ്റിൽ 70 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. വെള്ളിയാഴ്ച ആരംഭിച്ച ശീതകാല കൊടുങ്കാറ്റ് ശനിയാഴ്ചയും തുടർന്നതോടെ പലയിടത്തും ജനജീവിതം ദുസ്സഹമായി. ലേക് ഹ്യൂറോണിന്റെ കിഴക്കൻ തീരപ്രദേശങ്ങളിലും ജോർജിയൻ ബേ പ്രദേശങ്ങളിലുമാണ് എൻവയൺമെന്റ് കാനഡ സ്‌നോ സ്ക്വാൾ (Snow Squall) മുന്നറിയിപ്പുകൾ നൽകിയിരുന്നത്. വടക്കുകിഴക്കൻ ഒന്റാരിയോയിൽ 60 സെന്റീമീറ്റർ വരെ മഞ്ഞ് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. ഇത്രയും നേരത്തെ, സീസണിന്റെ തുടക്കത്തിൽ ഇത്ര ശക്തമായ മഞ്ഞുവീഴ്ച അപൂർവമാണെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
കൊടുങ്കാറ്റിനെ തുടർന്ന് ഹൈഡ്രോ വൺ ഉപഭോക്താക്കളായ ആയിരക്കണക്കിന് പേർക്ക് വൈദ്യുതി ബന്ധം നഷ്ടമായി. ജോർജിയൻ ബേ മേഖലയിലെ നിരവധി വീടുകളിൽ ശനിയാഴ്ച രാവിലെയും വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. മഞ്ഞുവീഴ്ചയെ തുടർന്ന് പ്രധാന റോഡുകളിലുൾപ്പെടെ ഗതാഗതം തടസ്സപ്പെട്ടു. ഇന്നിസ്‌ഫില്ലിലെ ഹൈവേ 400-ൽ വാഹനങ്ങൾ വളരെ സാവധാനമാണ് നീങ്ങുന്നത്. വാരാന്ത്യത്തിൽ പലയിടത്തും ശുചീകരണ പ്രവർത്തനങ്ങൾ ആവശ്യമായി വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
പ്രധാന നഗരമായ ടൊറന്റോയെ കൊടുങ്കാറ്റ് കാര്യമായി ബാധിച്ചില്ലെങ്കിലും ഗ്രേറ്റർ ടൊറന്റോ ഏരിയയുടെ (GTA) പ്രാന്തപ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. ഹാമിൽട്ടൺ, മിൽട്ടൺ മുതൽ ഓഷവ വരെയുള്ള പ്രദേശങ്ങളിൽ 15 സെന്റീമീറ്റർ വരെ മഞ്ഞ് രേഖപ്പെടുത്തി. റോഡ് ഗതാഗതം സുരക്ഷിതമാക്കാനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്. അടുത്ത ദിവസങ്ങളിൽ താപനിലയിൽ മാറ്റം വരാനുള്ള സാധ്യതകളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Heavy snow in Ontario: Up to 70 centimetres of snow possible in some areas






