സൗരവികിരണം മൂലം സുരക്ഷാ ഭീഷണിയുണ്ടെന്ന എയർബസിന്റെ അടിയന്തര മുന്നറിയിപ്പിനെ തുടർന്ന് എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികളുടെ ഏകദേശം 200 മുതൽ 250 വരെ A320 ശ്രേണിയിലുള്ള വിമാനങ്ങളുടെ സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത. വിമാനങ്ങളുടെ ഫ്‌ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് കടുത്ത സൗരവികിരണം മൂലം തകരാർ സംഭവിക്കാമെന്ന് വിമാനനിർമാണക്കമ്പനിയായ എയർബസ് അറിയിച്ചതിനെ തുടർന്നാണ് അടിയന്തരമായി സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ഹാർഡ്‌വെയർ അപ്ഗ്രഡേഷൻ നടത്താൻ നിർദേശം നൽകിയത്. ലോകമെമ്പാടുമുള്ള സർവീസ് നടത്തുന്ന 6,000 A320 വിമാനങ്ങൾക്ക് ഈ നവീകരണം ആവശ്യമാണ്. ഇന്ത്യൻ വിമാനക്കമ്പനികളുടെ കൈവശമുള്ള 560 A320 വിമാനങ്ങളിൽ 200 മുതൽ 250 വരെ എണ്ണത്തിന് നവീകരണം ആവശ്യമായി വരും. ഇൻഡിഗോയുടെ 350 വിമാനങ്ങളും എയർ ഇന്ത്യയുടെ 120 വിമാനങ്ങളും എയർ ഇന്ത്യ എക്സ്പ്രസിന്റെ 40 വിമാനങ്ങളുമാണ് A320 ശ്രേണിയിൽ പ്രധാനമായുള്ളത്. എലിവേറ്റർ എയ്ലറോൺ കമ്പ്യൂട്ടർ (ELAC) എന്ന സുപ്രധാന ഫ്ലൈറ്റ് കൺട്രോൾ സംവിധാനത്തെയാണ് സൗരവികിരണം ബാധിക്കുന്നത്. തകരാറിലായ ELAC അടുത്ത സർവീസിന് മുമ്പ് മാറ്റിവെക്കാനോ പരിഷ്കരിക്കാനോ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) നിർദ്ദേശം നൽകി.
സോഫ്റ്റ്‌വെയർ മാറ്റങ്ങളും ഹാർഡ്‌വെയർ പുനഃക്രമീകരണവും നടത്താനായി വിമാനങ്ങൾ നിലത്തിറക്കേണ്ടി വരുന്നതിനാൽ, സർവീസുകൾ വൈകാനും റദ്ദാക്കാനുമുള്ള സാധ്യതയുണ്ടെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. തങ്ങളുടെ ഭൂരിഭാഗം വിമാനങ്ങളെയും ബാധിച്ചിട്ടില്ലെങ്കിലും, ഈ മാർഗ്ഗനിർദ്ദേശം മൂലം സർവീസുകളിൽ മാറ്റങ്ങൾ വരാനും കാലതാമസമുണ്ടാകാനും സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എയർബസിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നടപ്പിലാക്കാൻ കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും തടസ്സങ്ങൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി. യാത്രക്കാർക്ക് ഇതുമൂലമുണ്ടാകുന്ന എല്ലാവിധ അസൗകര്യങ്ങളിലും വിമാനക്കമ്പനികൾ ഖേദം പ്രകടിപ്പിച്ചു. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാന സമയങ്ങൾ സംബന്ധിച്ച് യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടുന്നത് ഉചിതമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Airbus A320 Grounding For Software Fix Triggers Major Flight Disruptions






