കൊളംമ്പോ: ഡിറ്റ്‌വാ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ വൻ നാശനഷ്ടം. റിപ്പോർട്ടുകൾ പ്രകാരം 80 പേർക്ക് ജീവൻ നഷ്ടമാവുകയും 34 പേരെ കാണാതാവുകയും ചെയ്തു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർന്നിരിക്കുകയാണ്. ദുരന്തമുഖത്ത് സഹായം എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന ദൗത്യം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യൻ നേവിയുടെ എയർക്രാഫ്റ്ററുകളായ ഐഎൻഎസ് വിക്രാന്തും ഐഎൻഎസ് ഉദയഗിരിയും ദുരിതാശ്വാസ സാമഗ്രികളുമായി ശ്രീലങ്കൻ തീരത്തെത്തിയിട്ടുണ്ട്. പടിഞ്ഞാറൻ പ്രവിശ്യയിലെ കേലാനി, അട്ടനാഗലു നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരാൻ സാധ്യതയുണ്ടെന്ന് ശ്രീലങ്കൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ സഹായവുമായി രംഗത്തെത്തിയത്.
തലസ്ഥാനമായ കൊളംബോയ്ക്ക് പുറമേ, ജനസാന്ദ്രതയേറിയ ഗംപാഹ ജില്ലയും കടുത്ത പ്രളയഭീഷണിയിലാണ്. ഇതുവരെ 44,192 കുടുംബങ്ങളിലെ 1,48,603 പേരെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. ദുരിതബാധിതരായ 14,000-ത്തോളം പേരെ 195-ലധികം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. പതിനായിരക്കണക്കിന് വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകരുകയും ചെയ്തു. കനത്ത മഴയെത്തുടർന്ന് രാജ്യത്തിന്റെ പല പ്രദേശങ്ങളിലേക്കും ഇപ്പോഴും എത്തിച്ചേരാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. 2016-ൽ വൻ നാശനഷ്ടമുണ്ടാക്കിയ കേലാനി നദി ഇത്തവണയും കരകവിഞ്ഞൊഴുകി കൂടുതൽ നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ കണക്കനുസരിച്ച്, രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മാതല ജില്ലയിലാണ്. വ്യാഴാഴ്ച രാവിലെ ആറുമണി വരെയുള്ള 24 മണിക്കൂറിനുള്ളിൽ മാത്രം ഇവിടെ 540mm മഴയാണ് രേഖപ്പെടുത്തിയത്. പ്രളയത്തിന്റെ ശക്തിയിൽ മൊറഗഹകണ്ട മെയിൻ പാലം, എലഹേര പാലം, കുമാര എല്ലാ പാലം എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട പാലങ്ങളെല്ലാം ഒലിച്ചുപോയി. അതീവ രൂക്ഷമായ കാലാവസ്ഥ കാരണം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി ഏകദേശം മുപ്പത് ശതമാനത്തോളം വൈദ്യുതി വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ, അന്താരാഷ്ട്ര സഹായം കൂടുതൽ ആവശ്യമായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






