ഹാലിഫാക്സ്: നോവ സ്കോഷ്യയിലെ ജനങ്ങൾക്ക് ആരോഗ്യസംബന്ധമായ വിവരങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും പങ്കുവെക്കാനും സഹായിക്കുന്ന ‘YourHealthNS’ മൊബൈൽ ആപ്ലിക്കേഷനിൽ സുപ്രധാന മാറ്റങ്ങൾ. ഉപയോക്താക്കൾക്ക് അവരുടെ മെഡിക്കൽ രേഖകളുടെ ഒരു സമ്മറി സൃഷ്ടിക്കാനും, അത് ആരോഗ്യ വിദഗ്ധരുമായോ വിശ്വസ്തരുമായോ പങ്കുവെക്കാനും പുതിയ ഫീച്ചറിലൂടെ സാധിക്കും.
അലർജികൾ, രോഗാവസ്ഥകൾ, രോഗനിർണ്ണയ സ്കാനുകൾ, പ്രതിരോധ കുത്തിവെപ്പുകൾ, ലബോറട്ടറി പരിശോധനാ ഫലങ്ങൾ, മരുന്നുകൾ, ആശുപത്രി സന്ദർശന വിവരങ്ങൾ എന്നിവയുടെ സംഗ്രഹം ഈ സംവിധാനത്തിലൂടെ ലഭ്യമാകും. അടിയന്തിര സാഹചര്യങ്ങളിൽ ഉൾപ്പെടെ രോഗിയെ വേഗത്തിൽ വിലയിരുത്തുന്നതിനും ചികിത്സ ശുപാർശ ചെയ്യുന്നതിനും ഡോക്ടർമാർക്ക് ഈ വിവരങ്ങൾ സഹായകമാകും. “പരിചരണം എപ്പോൾ, എവിടെ വേണ്ടിവരുമെന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല, എന്നാൽ തയ്യാറെടുക്കാൻ കഴിയും. ഏത് ആരോഗ്യ ദാതാവുമായും മിനിറ്റുകൾക്കുള്ളിൽ മെഡിക്കൽ ഹിസ്റ്ററി പങ്കുവെക്കാൻ ഇത് നോവ സ്കോഷ്യയിലെ പൗരന്മാരെ സഹായിക്കും,” ആരോഗ്യക്ഷേമ മന്ത്രി മിഷേൽ തോംസൺ പറഞ്ഞു.
പ്രവിശ്യാ ഇലക്ട്രോണിക് ആരോഗ്യ രേഖകളിൽ (Provincial Electronic Health Records) നിന്നാണ് ഈ സംഗ്രഹം തയ്യാറാക്കുന്നത്. ആശുപത്രികൾ, പ്രൈമറി കെയർ, ഫാർമസികൾ, വെർച്വൽ കെയർ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. വിവരങ്ങൾ ഉപയോക്താവിന് മാത്രമേ ലഭ്യമാവുകയുള്ളൂ. സ്വന്തം ആരോഗ്യ വിവരങ്ങളുടെ നിയന്ത്രണം ജനങ്ങൾക്ക് നൽകാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ വിപുലീകരണം നടത്തുന്നതെന്ന് നോവ സ്കോഷ്യ ഹെൽത്ത് & IWK ഹെൽത്ത് ചീഫ് ഇൻഫർമേഷൻ ഓഫീസർ സ്കോട്ട് മക്കെന്ന അറിയിച്ചു.
YourHealthNS ആപ്പിൽ ലോഗിൻ ചെയ്ത്, ഒരു പ്രത്യേക സുരക്ഷിത ലിങ്ക് ഉണ്ടാക്കി ഇമെയിൽ വഴിയോ ടെക്സ്റ്റ് വഴിയോ അയച്ചാണ് രോഗികൾ വിവരങ്ങൾ പങ്കുവെക്കുന്നത്. സംഗ്രഹം തുറക്കുന്നതിനായി സ്വീകർത്താവിന് ഒരു പിൻ (PIN) കോഡും നൽകണം. നേരിട്ടുള്ള കൂടിക്കാഴ്ചകളിൽ, ഫോണിൽ ക്യുആർ കോഡ് (QR Code) ജനറേറ്റ് ചെയ്തും ആരോഗ്യ ദാതാവിന് വിവരങ്ങൾ നൽകാം. എന്നിരുന്നാലും, എല്ലാ പഴയ ആരോഗ്യ വിവരങ്ങളും ഈ സംഗ്രഹത്തിൽ ലഭ്യമല്ലെന്നും അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Now you can easily share health records with your doctor; New feature in 'YourHealthNS' app






