വാൻകൂവർ: വെസ്റ്റ് കോസ്റ്റിലേക്ക് എണ്ണ പൈപ്പ്‌ലൈൻ നിർമ്മിക്കാനായി പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ഒപ്പുവച്ച കരാറിനെതിരെ ബ്രിട്ടിഷ് കൊളംബിയ (B.C.) പ്രീമിയർ ഡേവിഡ് എബി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
“കോസ്റ്റൽ ഫസ്റ്റ് നേഷൻസ്” (തീരദേശത്തെ തദ്ദേശീയ വിഭാഗങ്ങൾ) സമൂഹങ്ങളുടെ പിന്തുണയില്ലാതെ ഒരു പൈപ്പ് ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാൻ ബി.സി. സർക്കാർ ഒരുക്കമല്ലെന്ന് പ്രീമിയർ ഡേവിഡ് എബി വ്യക്തമാക്കി. ഈ നീക്കത്തെ ബ്രിട്ടിഷ് കൊളംബിയ സർക്കാർ ഒരിക്കലും പിന്തുണയ്ക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൈപ്പ് ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഫെഡറൽ സർക്കാരും ആൽബർട്ട സർക്കാരും ബി.സി.യെ ഉൾപ്പെടുത്താതെ ഏകപക്ഷീയമായി പദ്ധതി തയ്യാറാക്കിയതിൽ എബി തന്റെ നിരാശ അറിയിച്ചു. ഈ പദ്ധതിക്ക് സ്വകാര്യ മേഖലയുടെ (private sector) പിന്തുണയില്ല എന്നും, ഇത് നിർമ്മിക്കണമെങ്കിൽ 4000 കോടി ഡോളർ നികുതിദായകരുടെ പണം ഉപയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും, എന്നാൽ നിയമനടപടികളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും പ്രീമിയർ വ്യക്തമാക്കി.
അതേസമയം, ദേശീയ താൽപ്പര്യമുള്ള പദ്ധതിയായി ഇതിനെ അംഗീകരിക്കുകയും തദ്ദേശീയ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്താൽ വെസ്റ്റ് കോസ്റ്റിലെ എണ്ണ ടാങ്കറുകൾക്കുള്ള നിരോധനം നീക്കാൻ ഫെഡറൽ സർക്കാർ തയ്യാറായേക്കുമെന്നും ധാരണാപത്രത്തിൽ സൂചനകളുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
B.C. government will not support pipeline deal signed by Carney, Smith






