ബാങ്കോക്ക് : തെക്കൻ തായ്‌ലൻഡിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 145 ആയി ഉയർന്നു. വർഷങ്ങളായി മേഖല കണ്ട ഏറ്റവും വലിയ പ്രളയമാണിത്. 12 ദക്ഷിണ പ്രവിശ്യകളിലായി 3.6 ദശലക്ഷം ജനങ്ങളെ ദുരിതം ബാധിച്ചു. 1.2 ദശലക്ഷത്തിലധികം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായും ഡിസാസ്റ്റർ മാനേജ്‌മന്റ് ആൻഡ് മിറ്റിഗേഷൻ ഡിപ്പാർട്മെന്റ് അറിയിച്ചു.
പ്രളയത്തിൽ വലിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ഗതാഗത, അടിസ്ഥാന സൗകര്യങ്ങൾക്ക് വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സോങ്ഖ്ല പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവിടെ മാത്രം 110-ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ജലനിരപ്പ് കുറഞ്ഞുതുടങ്ങിയതോടെയാണ് നാശനഷ്ടങ്ങളുടെ യഥാർത്ഥ വ്യാപ്തിയും മരണസംഖ്യയും വ്യക്തമായത്.
ഹാറ്റ് യായി പോലുള്ള പ്രധാന നഗരങ്ങളിലെ പല ജനവാസ കേന്ദ്രങ്ങളിലും ദിവസങ്ങളായി രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ സാധിച്ചിരുന്നില്ല. വെള്ളം ഇറങ്ങിയതോടെ ഈ പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. വെള്ളപ്പൊക്കത്തെ തുടർന്ന് റോഡുകൾ തകരുകയും, വൈദ്യുതി തൂണുകൾ മറിയുകയും, താഴ്ന്ന കെട്ടിടങ്ങളും വാഹനങ്ങളും പൂർണ്ണമായും മുങ്ങുകയും ചെയ്തു. ശക്തമായ ഒഴുക്കിൽ ഒഴുകിയെത്തിയ അവശിഷ്ടങ്ങളും വാഹനങ്ങളും തെരുവുകളിൽ കൂട്ടിയിട്ടിരിക്കുകയാണ്.
നിലവിൽ, പ്രളയബാധിത പ്രദേശങ്ങളിൽ മിക്കയിടത്തും ജലനിരപ്പ് താഴ്ന്നെങ്കിലും ചില പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മഴ കുറഞ്ഞെങ്കിലും തെക്കൻ മേഖലയിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതബാധിതർക്കായുള്ള പുനരധിവാസ നടപടികളും അധികൃതർ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Thailand floods: Death toll rises to 145; 3.6 million people affected






