ന്യൂഡൽഹി: പ്രശസ്ത കോമേഡിയൻ കപിൽ ശർമ്മയുടെ ഉടമസ്ഥതയിലുള്ള കാനഡയിലെ ‘കെഎപിസ് കഫേ’ക്ക് (KAP’s Cafe) നേരെ നടന്ന വെടിവെപ്പ് കേസിൽ മുഖ്യസൂത്രധാരന്മാരിൽ ഒരാളെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ലുധിയാനയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബന്ദു മാൻ സിംഗ് ഷെഖോൺ എന്നയാളാണ് പിടിയിലായത്. ഇയാൾ ഗുണ്ടാത്തലവൻ ഗോൾഡി ധില്ലോന്റെ അടുത്ത അനുയായിയാണ്. കാനഡയിലെ കഫേയിൽ വെടിവെപ്പ് നടത്തിയവർക്ക് വാഹനവും ആയുധങ്ങളും ഉൾപ്പെടെയുള്ള ലോജിസ്റ്റിക് പിന്തുണ നൽകിയത് ഷെഖോൺ ആണെന്ന് പോലീസ് കണ്ടെത്തി. വെടിവെപ്പ് നടക്കുമ്പോൾ ഇയാൾ കാനഡയിലായിരുന്നു.
ഇയാളിൽ നിന്ന് ചൈനീസ് നിർമിത പിഎക്സ്-3 ഹൈ-എൻഡ് പിസ്റ്റളും എട്ട് തിരകളും പിടിച്ചെടുത്തു. ഈ ആയുധം എട്ട് ലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്നും ഇത് പാകിസ്ഥാൻ പിന്തുണയുള്ള ഒരു അന്താരാഷ്ട്ര ആയുധക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം, വ്യവസായികളെ ഭീഷണിപ്പെടുത്താനും എതിർസംഘങ്ങൾക്കെതിരെ വെടിവെപ്പ് നടത്താനും ഗോൾഡി ധില്ലോൺ സംഘത്തിന്റെ ശൃംഖല പുനഃസ്ഥാപിക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൂന്ന് തവണയാണ് കാനഡയിലെ സറേയിലുള്ള കപിൽ ശർമ്മയുടെ കഫേ ആക്രമിക്കപ്പെട്ടത്. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഗോൾഡി ധില്ലോൺ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഏറ്റെടുത്തിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഈ സംഭവങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Delhi Police arrest conspirator behind shooting at Kapil Sharma’s café in Canada



