ഹാലിഫാക്സ്: അമേരിക്കൻ മദ്യശേഖരം പൂർണ്ണമായും വിറ്റഴിക്കാൻ തീരുമാനിച്ച് നോവ സ്കോഷ്യ. ഏകദേശം 14 മില്യൺ ഡോളർ (116 കോടിയിലധികം രൂപ) മൂല്യം വരുന്ന മദ്യമാണ് വിൽപ്പനയ്ക്ക് വെക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന 4 മില്യൺ ഡോളർ (33 കോടി രൂപ) പ്രവിശ്യയിലെ ഭക്ഷ്യ സുരക്ഷാ ഗ്രൂപ്പുകൾക്ക് നൽകുമെന്ന് പ്രീമിയർ ടിം ഹ്യൂസ്റ്റൺ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക നികുതികൾക്ക് മറുപടിയായി ഈ വർഷം മാർച്ച് നാലാം തീയതി മുതലാണ് നോവ സ്കോഷ്യ ലിക്വർ കോർപ്പറേഷൻ (NSLC) കടകളിൽ നിന്ന് എല്ലാ യുഎസ് മദ്യോത്പന്നങ്ങളും നീക്കം ചെയ്തത്. വ്യാപാര തർക്കത്തിൽ ഒരു വിലപേശൽ സാധ്യത നിലനിർത്തുന്നതിനായി മദ്യശേഖരം നീക്കം ചെയ്യാതെ സൂക്ഷിക്കുകയായിരുന്നു. എന്നാൽ, ചർച്ചകളുമായി ബന്ധപ്പെട്ട കനേഡിയൻ സംഘങ്ങളുമായി വീണ്ടും കൂടിയാലോചിച്ച ശേഷം പ്രവിശ്യയ്ക്ക് അനുയോജ്യമായ തീരുമാനമെടുക്കാൻ അനുമതി ലഭിച്ചു.
നോവ സ്കോഷ്യയിലെ മദ്യശാലകളിൽ അടുത്ത തിങ്കളാഴ്ച മുതൽ ഈ ശേഖരം ലഭ്യമാകും. വൈനും വിസ്കിയുമാണ് സ്റ്റോക്കിലുള്ള ഉൽപ്പന്നങ്ങളിൽ പ്രധാനപ്പെട്ടവ. ഈ സ്റ്റോക്ക് വിറ്റഴിച്ചു കഴിഞ്ഞാൽ അമേരിക്കയിൽ നിന്ന് കൂടുതൽ മദ്യം ഇറക്കുമതി ചെയ്യില്ലെന്നും പ്രീമിയർ ഹ്യൂസ്റ്റൺ വ്യക്തമാക്കി. ലഭിക്കുന്ന മിച്ച ലാഭം ‘ഫീഡ് നോവ സ്കോഷ്യ’ ഉൾപ്പെടെയുള്ള പ്രാദേശിക ഭക്ഷ്യ സഹായ ഗ്രൂപ്പുകൾക്ക് ഉടൻ കൈമാറും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Nova Scotia raises $4 million by selling American liquor; proceeds go to food safety groups






