ഹോങ്കോങ്ങ്: തായ് പോ ഡിസ്ട്രിക്റ്റിലെ വാങ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു. ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ രണ്ടാം ദിവസവും കഠിന പരിശ്രമത്തിലാണ്. ഹോങ്കോങ്ങിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്. 51 പേർ സംഭവസ്ഥലത്തും, മറ്റ് നാല് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.. രക്ഷാപ്രവർത്തനത്തിനിടെ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥനും ജീവൻ നഷ്ടമായി. എഴുപതിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
32 നിലകളുള്ള ടവറിന്റെ പുറംഭാഗത്ത് നവീകരണ പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള സ്ക്യഫോൾഡിംഗിൽ (scaffolding) നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. ശക്തമായ കാറ്റും നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന വലകളും തീ വേഗത്തിൽ പടരാൻ കാരണമായി. സമുച്ചയത്തിലെ എട്ട് കെട്ടിടങ്ങളിൽ ഏഴെണ്ണത്തിലും തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെ നാല് ടവറുകളിലെ തീ പൂർണ്ണമായും അണയ്ക്കാനും ബാക്കിയുള്ളവ നിയന്ത്രണവിധേയമാക്കാനും സാധിച്ചതായി അധികൃതർ അറിയിച്ചു. കനത്ത പുക കാരണം ഇടനാഴികളിൽ കുടുങ്ങിയ താമസക്കാർ പരിഭ്രാന്തരായി വീടുകൾക്കുള്ളിലേക്ക് മടങ്ങാൻ നിർബന്ധിതരായതായും ദൃക്‌സാക്ഷികൾ പറയുന്നു. തൊള്ളായിരത്തോളം ആളുകളെയാണ് ഇവിടെനിന്നും മാറ്റിപ്പാർപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രസ്റ്റീജ് കൺസ്ട്രക്ഷൻ ആൻഡ് എൻജിനീയറിംഗ് കമ്പനിയുടെ ഡയറക്ടർമാരും കൺസൾട്ടന്റും ഉൾപ്പെടെ മൂന്ന് പേരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് അറസ്റ്റ് ചെയ്തു. നവീകരണ പ്രവർത്തനങ്ങളിലെ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. തീ വേഗത്തിൽ പടരാൻ സഹായിക്കുന്ന സ്റ്റൈറോഫോം പോലുള്ള വസ്തുക്കളും ഗുണനിലവാരമില്ലാത്ത പാനലുകളും നിർമ്മാണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്നുണ്ട്. കമ്പനിയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. കെട്ടിട നിർമ്മാണ ചട്ടങ്ങളും അഗ്നിസുരക്ഷാ നിയമങ്ങളും ലംഘിക്കപ്പെട്ടതായി വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഏകദേശം 280-ഓളം താമസക്കാരുമായി ഇനിയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഹോങ്കോങ്ങ് ഭരണത്തലവൻ ജോൺ ലീ അറിയിച്ചു. അപകടത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അനുശോചനം രേഖപ്പെടുത്തുകയും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. 1996-ൽ 41 പേരുടെ മരണത്തിനിടയാക്കിയ കൗലൂൺ തീപിടിത്തത്തിന് ശേഷം ഹോങ്കോങ്ങ് കണ്ട ഏറ്റവും വലിയ അഗ്നിബാധയാണിത്. നഗരത്തിലെ ഉയരമുള്ള കെട്ടിടങ്ങളിൽ മുള ഉപയോഗിച്ചുള്ള നിർമ്മാണ രീതികൾ തുടരുന്നതിലെ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ ദുരന്തം വഴിവെച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Hong Kong fire: Death toll rises to 55; safety lapse suspected






