ഒന്റാരിയോ: ഒന്റാരിയോ, ക്യുബെക്ക് ഉൾപ്പെടെയുള്ള കാനഡയിലെ പ്രധാന പ്രവിശ്യകളിൽ ഈ ആഴ്ചാവസാനം ശക്തമായ ശീതകാല കൊടുങ്കാറ്റ് എത്തിച്ചേരുമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കാലാവസ്ഥ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തിലെ ഉയർന്ന പാളിയിലെ മാറ്റങ്ങളാണ് പുതിയ ഈ ശീതകാല പാറ്റേണിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. വരാനിരിക്കുന്ന മാസങ്ങളിൽ കൂടുതൽ കടുത്ത തണുപ്പാണ് അനുഭവപ്പെടാനിരിക്കുന്നതെന്ന് അവർ വിലയിരുത്തി.
ആൽബർട്ട, സസ്കാച്ചെവാൻ എന്നിവിടങ്ങളിലെ പ്രയറീസ് മേഖലകളിൽ അതിവേഗം നീങ്ങുന്ന ന്യൂനമർദ്ദം തിങ്കളാഴ്ച കനത്ത മഞ്ഞുവീഴ്ചയ്ക്കും കാഴ്ചാപരിധി കുറയുന്നതിനും കാരണമായിട്ടുണ്ട്. സൈപ്രസ് ഹിൽസ് പോലെയുള്ള പ്രദേശങ്ങളിൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച രേഖപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ, ഒന്റാരിയോയെയും ക്യുബെക്കിനെയും ബാധിക്കാൻ പോകുന്ന ന്യൂനമർദ്ദം ഇതിലും ശക്തമാണ്. വടക്കുകിഴക്കൻ ഒന്റാറിയോയിൽ ചൊവ്വാഴ്ച മഴയായി തുടങ്ങി രാത്രിയോടെ മഞ്ഞായി മാറും. വെള്ളിയാഴ്ചയോടെ ലേക് സുപ്പീരിയറിന് സമീപമുള്ള സമൂഹങ്ങളിൽ 35 സെന്റീമീറ്റർ വരെ മഞ്ഞ് കുന്നുകൂടാനും കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്.
തെക്കൻ ഒന്റാരിയോയിലെ പ്രധാന നഗരങ്ങളായ ടൊറന്റോ, വിൻഡ്സർ, ഒട്ടാവ എന്നിവിടങ്ങളിൽ ആഴ്ചയുടെ തുടക്കത്തിൽ മഴയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വരെ തണുത്ത വായു അതിവേഗം എത്തുകയും മഴ മഞ്ഞുവീഴ്ചയ്ക്ക് വഴിമാറുകയും ചെയ്യും. ഇത് ഒന്റാരിയോ-ക്യുബെക്ക് പ്രവിശ്യകളെ മുഴുവനായും ബാധിക്കുന്ന ഒരു സംഭവമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ടൊറന്റോയിൽ ബുധനാഴ്ച 11°C വരെ താപനില ഉയരാമെങ്കിലും വ്യാഴാഴ്ചയോടെ 1°C ആയി കുറയും.
മഞ്ഞുവീഴ്ചയും താപനിലയിലെ വലിയ കുറവും ജനജീവിതത്തെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. ടിമ്മിൻസിൽ വെള്ളിയാഴ്ച താപനില -8°C ആയും ശനിയാഴ്ച -10°C ആയും താഴാൻ സാധ്യതയുണ്ട്. ക്യുബെക്കിലെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 2 സെന്റീമീറ്റർ വരെ മഞ്ഞ് കുന്നുകൂടുമെന്നും, ബുധനാഴ്ച ഉച്ച മുതൽ വ്യാഴാഴ്ച വൈകുന്നേരം വരെ ‘ശ്രദ്ധേയമായ’ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്നും പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. അത്യാവശ്യമല്ലാത്ത യാത്രകളും ഔട്ട്ഡോർ പ്രവർത്തനങ്ങളും ഒഴിവാക്കാനും നടക്കുമ്പോഴും വാഹനമോടിക്കുമ്പോഴും അതീവ ജാഗ്രത പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു.
ഈ ആഴ്ച ആരംഭിക്കുന്ന ശീതതരംഗം കൂടുതൽ ശക്തമായ ശൈത്യകാലത്തിന്റെ തുടക്കം മാത്രമായിരിക്കുമെന്നും വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. ജെറ്റ് സ്ട്രീം തെക്കോട്ട് നീങ്ങുന്നത് ആർട്ടിക് തണുത്ത വായു രാജ്യത്തുടനീളം വ്യാപിക്കാൻ കാരണമാകും. 2014-ലെ ‘പോളാർ വോർട്ടെക്സ്’ (Polar Vortex) പ്രതിഭാസത്തിന് സമാനമായ തണുപ്പാണ് അടുത്ത ആഴ്ചയിലും തുടർന്ന് ഈ ശൈത്യകാലത്തും കാനഡയിൽ അനുഭവപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ദ്ധൻ കെൽസി മക്യൂവൻ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Extremely severe winter storm warning in these provinces of Canada: Environment Canada






