ഹൈദരാബാദ്: അമേരിക്കൻ സ്വപ്നങ്ങൾ വിഫലമായതിനെ തുടർന്നുണ്ടായ കടുത്ത നിരാശയിൽ 38-കാരിയായ ഡോക്ടർ ഹൈദരാബാദിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിനിയായ ഡോക്ടറാണ് യുഎസ് വിസ നിഷേധിച്ചതിനെ തുടർന്നുണ്ടായ വിഷാദത്തിൽ ജീവനൊടുക്കിയത്. ഫ്ലാറ്റിൽനിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ താൻ വിഷാദത്തിലായിരുന്നതിന്റെയും യുഎസ് വീസ നിഷേധിക്കപ്പെട്ടതിന്റെയും വിവരങ്ങൾ യുവതി രേഖപ്പെടുത്തിയിട്ടുണ്ട്.
നഗരത്തിലെ മറ്റൊരു സ്ഥലത്ത് താമസിക്കുന്ന ഡോക്ടറുടെ കുടുംബാംഗങ്ങൾ വാതിലിൽ തട്ടിയിട്ടും പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവുപോലെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് വീട്ടുജോലിക്കാരി വിവരമറിയിച്ചതിനെ തുടർന്നാണ് കുടുംബാംഗങ്ങൾ എത്തിയത്. പ്രാഥമിക വിവരമനുസരിച്ച്, വെള്ളിയാഴ്ച രാത്രി അമിതമായ അളവിൽ ഉറക്ക ഗുളിക കഴിക്കുകയോ അല്ലെങ്കിൽ കുത്തിവയ്പ്പ് എടുക്കുകയോ ചെയ്തതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തമായ സ്ഥിരീകരണം ഉണ്ടാകൂ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ കടുത്ത വിഷാദത്തിലായിരുന്നെന്നും വിസ അപേക്ഷ നിരസിച്ചതിനെക്കുറിച്ചും പരാമർശിച്ചിരുന്നതായി പോലീസ് അറിയിച്ചു. പത്മ റാവു നഗറിലെ ഫ്ലാറ്റിലാണ് ഡോക്ടർ താമസിച്ചിരുന്നത്.
യുഎസിൽ ജോലിക്ക് പോകാൻ മകൾ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും വിസ നിഷേധിച്ചതിനെ തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഡോക്ടറുടെ അമ്മ ലക്ഷ്മി പറഞ്ഞു. അടുത്ത് ലൈബ്രറികളുള്ളതിനാലാണ് റോഹിണി പത്മ റാവു നഗറിൽ താമസിച്ചിരുന്നത്. ഇന്റേണൽ മെഡിസിനിൽ സ്പെഷ്യലൈസ് ചെയ്യാനാണ് അവർ ആഗ്രഹിച്ചിരുന്നത്.
“റോഹിണി മികച്ച വിദ്യാർത്ഥിയായിരുന്നു. 2005-നും 2010-നും ഇടയിൽ കിർഗിസ്ഥാനിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി. അവളുടെ അക്കാദമിക് റെക്കോർഡ് മികച്ചതായിരുന്നു, വലിയ സ്വപ്നങ്ങളാണ് അവൾക്ക് ഉണ്ടായിരുന്നതെന്നാണ് അമ്മ പറയുന്നത്. ഇന്ത്യയിൽത്തന്നെ പ്രാക്ടീസ് ചെയ്യാൻ താൻ ഉപദേശിച്ചെങ്കിലും യുഎസിൽ ഒരു ദിവസം ചികിത്സിക്കേണ്ട രോഗികളുടെ എണ്ണം കുറവാണെന്നും വരുമാനം മെച്ചപ്പെട്ടതാണെന്നും പറഞ്ഞ് മകൾ വാദിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു.
വിസ അംഗീകാരത്തിനായി കാത്തിരിക്കുന്നതിനിടെ നിരാശയും വിഷാദവും റോഹിണിയെ തീവ്രമായി ബാധിച്ചു. അനുമതി ലഭിക്കാതെ വന്നതോടെ മാനസികമായി തളരുകയും ഏകാന്തതയിലാവുകയും ചെയ്തു. വിവാഹം കഴിക്കാതെ വൈദ്യശാസ്ത്രരംഗത്തെ തന്റെ കരിയറിനായി റോഹിണി പൂർണ്ണമായും സ്വയം സമർപ്പിക്കുകയായിരുന്നുവെന്നും അമ്മ വ്യക്തമാക്കി. സംഭവത്തിൽ ചിൽക്കൽഗുഡ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
woman-doctor-dies-by-suicide-in-hyderabad-over-us-visa-rejection






