ആൽബർട്ട: നിയമങ്ങൾ എഴുതുന്നതിന് ആദ്യമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിക്കാനാനൊരുങ്ങി ആൽബർട്ട സർക്കാർ. അടുത്തതായി കൊണ്ടുവരാൻ പോകുന്ന വിസ്കി സംബന്ധിച്ച നിയമത്തിനാണ് ഈ സാങ്കേതികവിദ്യ ഒരു പരീക്ഷണമായി ഉപയോഗിക്കുക. ഒരു ‘ആൽബർട്ട വിസ്കി ആക്റ്റ്’ കൊണ്ടുവരാനും അതിനുള്ള നിയമങ്ങൾ എഴുതാനുമാണ് എ.ഐയുടെ സഹായം തേടുക. മറ്റ് നിയമങ്ങളെ അപേക്ഷിച്ച്, ഈ നിയമത്തിൽ ‘ആളുകളുടെ ജീവനോ മറ്റ് വലിയ പ്രശ്നങ്ങളോ’ ഉൾപ്പെടുന്നില്ലാത്തതിനാൽ ഇത് ഒരു നല്ല പരീക്ഷണമാണെന്ന് സർക്കാർ കരുതുന്നു.
ആൽബർട്ട വിസ്കിയുടെ മാനദണ്ഡങ്ങൾ നിർവ്വചിക്കുന്ന ചുമതലയുള്ള മന്ത്രി ഡേൽ നല്ലി, ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് മറ്റ് മന്ത്രിമാരുമായി സംസാരിച്ചു. എ.ഐ എഴുതിക്കഴിഞ്ഞാൽ നിയമപരമായ കാര്യങ്ങൾക്കായി ഇത് നീതിന്യായ മന്ത്രിയുടെ ടീമിന് കൈമാറും. എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ തിരുത്താനുള്ള അവസരം ഉണ്ടാകും. നിയമനിർമ്മാണത്തിന് എ.ഐയെ ഉപയോഗിക്കുന്ന കാനഡയിലെ ആദ്യത്തെ പ്രവിശ്യയായി ആൽബർട്ട മാറിയേക്കാം എന്ന ആവേശത്തിലാണ് സർക്കാർ.
എ.ഐ ഉപയോഗിക്കുന്നത് ‘നൂതനമായ’ ഒരു നീക്കമാണെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ പ്രധാനമാണെന്ന് കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായ ജോനാഥൻ ഷേഫർ അഭിപ്രായപ്പെട്ടു. എ.ഐ ഉപയോഗിക്കുമ്പോൾ വസ്തുതാപരമായ തെറ്റുകൾ സംഭവിക്കാം. അതിനാൽ, എ.ഐയുടെ സഹായമുണ്ടെങ്കിലും, നിയമങ്ങൾ എന്താണ് പറയുന്നതെന്നും, എന്ത് കുറവുണ്ടെന്നും, എന്ത് തിരുത്തണമെന്നും മനസ്സിലാക്കാനുള്ള മനുഷ്യൻ്റെ ഇടപെടൽ (Human Touch) അത്യാവശ്യമാണ്. ലോകത്തെക്കുറിച്ചുള്ള വിവരങ്ങളാണ് എ.ഐക്ക് പരിശീലനം നൽകിയിരിക്കുന്നത്. അത് ആൽബർട്ടയുടെ സാഹചര്യങ്ങൾക്കും സംസ്കാരത്തിനും അനുയോജ്യമായിരിക്കണമെന്നില്ല.
‘ആൽബർട്ട വിസ്കി’ എന്നതിന് നിയമപരമായ നിർവചനം നൽകാനുള്ള കൂടിയാലോചനകൾ സർക്കാർ ഇപ്പോൾ നടത്തുന്നുണ്ട്. എ.ഐ. എഴുതിയ നിയമങ്ങൾക്കും എല്ലാ തലത്തിലുമുള്ള അംഗീകാരം ആവശ്യമാണ്. ഈ പരീക്ഷണം വിജയിക്കുകയാണെങ്കിൽ, ഭാവിയിൽ മറ്റ് നിയമങ്ങൾ എഴുതുന്നതിനും എ.ഐയെ ഒരു സഹായകരമായ ഉപകരണമായി ഉപയോഗിക്കാൻ സാധ്യതയുണ്ട്. നിയമങ്ങൾ എഴുതുന്നവരെ എ.ഐ മാറ്റിക്കളയില്ല, പക്ഷേ അവർക്ക് വലിയൊരു സഹായം (Complement) ആകുമെന്ന് മന്ത്രി നല്ലി പ്രത്യാശ പ്രകടിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
No more humans to write laws! Alberta government trusts AI; Experiments with whiskey laws



