കൊച്ചി: കേരളത്തിൻ്റെ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക വൈവിധ്യവും ലോകമെമ്പാടുമുള്ള സഞ്ചാരികളെ എന്നും ആകർഷിക്കാറുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്‌ഥാനങ്ങൾ സന്ദർശിച്ചെത്തുന്നവർ പലപ്പോഴും കേരളം വളരെ വ്യത്യസ്‌തമായ നാടാണെന്ന് പറയാറുമുണ്ട്. ഈ കൂട്ടത്തിലേക്ക് ഇതാ റഷ്യൻ വിനോദസഞ്ചാരിയായ അമിന ഫിൻഡ്‌സും എത്തിയിരിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്‌ഥാനമായ കേരളം തനിക്ക് ശാന്തവും സമാധാനപരവുമായി തോന്നിയെന്ന് അമിന പറയുന്നു. “ഇന്ത്യയിലെ നിരവധി സ്‌ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം, അവസാനം ഞാൻ എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ഇടം കണ്ടെത്തിയിരിക്കുന്നു,” എന്നാണ് അമിനയുടെ വാക്കുകൾ. താൻ സന്ദർശിച്ച മറ്റ് ഇന്ത്യൻ സംസ്‌ഥാനങ്ങളിലെ ദയയും മനോഹരമായ കാഴ്ചകളും അംഗീകരിക്കുമ്പോഴും, കേരളം ഇഷ്‌ടപ്പെടാൻ കാരണം ഇവിടത്തെ ശാന്തമായ അന്തരീക്ഷമാണെന്നും അവർ വീഡിയോയിൽ കൂട്ടിച്ചേർത്തു. അമിനയുടെ ഈ വിഡിയോ ഇതിനോടകം ആറര ലക്ഷത്തിൽ അധികം ആളുകൾ കണ്ടുകഴിഞ്ഞു.
കേരളത്തെ തനിക്ക് പ്രിയങ്കരമാക്കിയതിൻ്റെ കാരണം ശാന്തമായ അന്തരീക്ഷം മാത്രമല്ലെന്ന് അമിന വ്യക്തമാക്കുന്നു. വ്യത്യസ്‌ത വിശ്വാസങ്ങൾ സമാധാനപരമായി ഒന്നിച്ചു ജീവിക്കുന്ന കേരളത്തിൻ്റെ വൈവിധ്യവും, പരിസര ശുചിത്വവുമാണ് യഥാർഥത്തിൽ തന്നെ ആകർഷിച്ചത്. ആളുകൾ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് എത്രമാത്രം കരുതലുള്ളവരാണ് എന്നതാണ് ഇവിടെ വേറിട്ടുനിൽക്കുന്നത്. മാലിന്യം നിക്ഷേപിക്കാനുള്ള ബിന്നുകൾ എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ട്. തെരുവുകൾ വൃത്തിയുള്ളതാണ്. പ്രകൃതി ഉപയോഗിക്കപ്പെടുന്നതിനേക്കാൾ കൂടുതലായി ബഹുമാനിക്കപ്പെടുന്നുവെന്നും റഷ്യൻ യുവതി പറയുന്നു. ക്രിസ്‌ത്യൻ ദേവാലയങ്ങൾ, ക്ഷേത്രങ്ങൾ, മുസ്ലിം പള്ളികൾ, സിനഗോഗുകൾ എന്നിവയെല്ലാം സമാധാനപരമായി നിലനിൽക്കുന്ന കേരളത്തിലെ വൈവിധ്യം യാഥാർഥ്യമാണെന്നും, വിദ്യാഭ്യാസവും സംസ്കാരവും ബഹുമാനം നേടുമ്പോൾ എന്ത് സംഭവിക്കുമെന്നതിൻ്റെ ഓർമപ്പെടുത്തലാണ് കേരളമെന്നും അമിന കുറിക്കുന്നു.
അമിനയുടെ ഈ വിലയിരുത്തലിനോട് യോജിപ്പ് അറിയിച്ച് നിരവധി പേരാണ് കമൻ്റ് ബോക്‌സിലെത്തുന്നത്. “ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം” എന്ന് ഒരാൾ കമൻ്റ് ചെയ്‌തപ്പോൾ, കേരളത്തിലെ ഓരോ ജില്ലയും ഒരത്ഭുതമാണെന്നും കൂടുതൽ സ്‌ഥലങ്ങൾ കാണണമെന്നും മറ്റൊരാൾ കുറിച്ചു. വിദേശ സഞ്ചാരികൾക്കിടയിൽ ഇന്ത്യയുടെ ഈ പ്രശംസ പുതിയ കാര്യമല്ല. മാർക് ട്രാവൽസ് എന്നറിയപ്പെടുന്ന ജർമൻ മോട്ടോർസൈക്കിൾ ബ്ലോഗറായ മാർക്കസ് എംഗൽ ലോകത്തിൽ തന്നെ യാത്ര ചെയ്യാൻ ഏറ്റവും ഇഷ്‌ടമുള്ള സ്‌ഥലമായാണ് ഇന്ത്യയെ വിശേഷിപ്പിച്ചത്. ഇന്ത്യയിൽ സഞ്ചരിച്ചപ്പോൾ അനുഭവപ്പെട്ടതുപോലെയുള്ള സ്വാതന്ത്ര്യം ലോകത്ത് എവിടെയും തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കുറിച്ചിരുന്നു. ഇത്തരം പ്രശംസകൾ കേരളത്തിൻ്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നതിൽ സംശയമില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
"My favorite place": Russian vlogger praises Kerala; Social media takes over the video





