ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) അടുത്ത സീസണിലെ ഒരു മെഗാ താര കൈമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇനി ചെന്നൈ സൂപ്പർ കിങ്സിനു (സിഎസ്കെ) വേണ്ടി കളിക്കും. ഈ കൈമാറ്റം ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദീർഘകാലം സഞ്ജു സാംസൺ താരമായും ക്യാപ്റ്റനായും ഒപ്പമുണ്ടായിരുന്ന രാജസ്ഥാൻ റോയൽസ് (ആർആർ) സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു. സഞ്ജുവിന് പകരമായി ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, സാം കരൺ എന്നിവരെയാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. മൂന്ന് താരങ്ങളും കൈമാറ്റ കരാറിൽ ഔദ്യോഗികമായി ഒപ്പുവെച്ചിട്ടുണ്ട്.
ഈ കൈമാറ്റത്തിൽ ഏറ്റവും ശ്രദ്ധേയമായ നീക്കം രവീന്ദ്ര ജഡേജയുടേതാണ്. തന്റെ ആദ്യ ക്ലബ്ബായ രാജസ്ഥാൻ റോയൽസിലേക്ക് മടങ്ങിയെത്തുന്ന ജഡേജ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. നായകസ്ഥാനം നൽകാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം രാജസ്ഥാനിലേക്ക് മാറിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, 37 വയസുകാരനായ ജഡേജയുടെ ഐപിഎൽ ക്യാപ്റ്റൻസി റെക്കോർഡുകൾ അത്ര മികച്ചതല്ല. 2022-ൽ മഹേന്ദ്ര സിങ് ധോണിയിൽ നിന്ന് സിഎസ്കെയുടെ നായകസ്ഥാനം ഏറ്റെടുത്ത അദ്ദേഹത്തിന് എട്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിനെ വിജയിപ്പിക്കാനായത്. തുടർന്ന് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം ധോണിക്ക് തന്നെ കൈമാറുകയായിരുന്നു. ഇന്ത്യൻ ടീമിൽ ഓൾറൗണ്ടറായി തിളങ്ങുന്ന ജഡേജയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുമില്ല.
മറുവശത്ത്, സഞ്ജു സാംസൺ എത്തിയതോടെ ചെന്നൈ സൂപ്പർ കിങ്സിലെ ക്യാപ്റ്റൻ സ്ഥാനത്തെച്ചൊല്ലിയുള്ള ആകാംഷയും വർദ്ധിച്ചിരിക്കുകയാണ്. നിലവിൽ റുതുരാജ് ഗെയ്ക്ക്വാദാണ് സിഎസ്കെയുടെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ പരിക്കേറ്റതിനെ തുടർന്ന് സീസൺ പകുതിക്ക് വെച്ച് ഗെയ്ക്ക്വാദ് പിന്മാറുകയും തുടർന്ന് ധോണി നായക സ്ഥാനം ഏറ്റെടുക്കുകയുമുണ്ടായി. റുതുരാജ് നയിച്ച 2024 സീസണിൽ ചെന്നൈയ്ക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല; അവർ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് സിഎസ്കെ ഫിനിഷ് ചെയ്തത്. ഈ പശ്ചാത്തലത്തിൽ, പുതിയ താരമായെത്തിയ സഞ്ജു സാംസൺ ടീമിന്റെ നായകസ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നതിനെക്കുറിച്ച് ചർച്ചകൾ സജീവമാണ്.
സഞ്ജുവിന്റെ വരവ് സിഎസ്കെയുടെ ബാറ്റിങ് നിരയ്ക്ക് കരുത്തു പകരുമെന്നതിൽ സംശയമില്ല. എന്നാൽ, ജഡേജയുടെ ക്യാപ്റ്റൻസി പരാജയ ചരിത്രം രാജസ്ഥാൻ റോയൽസിനും ചെന്നൈയുടെ നായകസ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വം സഞ്ജുവിനും ഒരുപോലെ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ഇരു ടീമുകളുടെയും അന്തിമ നായക തീരുമാനങ്ങൾ ഐപിഎൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.






