നോവ സ്കോഷ്യ: നോവ സ്കോഷ്യയിൽ 1.2 ബില്യൺ ഡോളറിന്റെ വലിയ ബജറ്റ് കുറവ് പ്രതീക്ഷിക്കുന്നതിനാൽ, ധനമന്ത്രി ജോൺ ലോർ സർക്കാർ വകുപ്പുകൾ ചെലവുകൾ കുറയ്ക്കണമെന്ന് നിർദേശിച്ചു. വിവേചനാധികാരമുള്ള ചെലവുകളും വിവിധ പ്രോഗ്രാം ഗ്രാന്റ്റുകളും 10 ശതമാനം വെട്ടിച്ചുരുക്കുമ്പോൾ എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഡെപ്യൂട്ടി മന്ത്രിമാർ പഠിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക സമ്മർദം കൂടുന്ന സാഹചര്യത്തിൽ ചെലവ് നിയന്ത്രിക്കാനും ധനകാര്യ നില മെച്ചപ്പെടുത്താനും വേണ്ടിയുള്ള ശ്രമമാണ് ഇത്.
ചെലവ് ചുരുക്കേണ്ടത് അത്യാവശ്യമാണെന്ന് ധനമന്ത്രി ജോൺ ലോർ സ്ഥിരീകരിച്ചു. “നോവ സ്കോഷ്യയിലെ ഏറ്റവും ദുർബലരായ പൗരന്മാരെ ഇത് എങ്ങനെ ബാധിക്കുമെന്നും മുന്നണി സേവനങ്ങളെ (front-line services) എങ്ങനെ ബാധിക്കുമെന്നും ഞങ്ങൾ പരിശോധിക്കും. എങ്കിലും, ചെലവ് കുറയ്‌ക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാം,” അദ്ദേഹം പറഞ്ഞു. 2026-27 പ്രൊവിൻഷ്യൽ ബഡ്ജറ്റ് പൂർത്തിയാകുമ്പോൾ മാത്രമേ അന്തിമ തീരുമാനങ്ങൾ അറിയാൻ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കി.
ചെലവ് ചുരുക്കലിനായുള്ള ഈ ആലോചന, ഈ ആഴ്ച പ്രഖ്യാപിക്കുന്ന രണ്ടാമത്തെ നടപടിയാണ്. ഒഴിവുള്ള ഓരോ തസ്തിക നികത്തുമ്പോഴും, ഒരെണ്ണം ബഡ്ജറ്റിൽ നിന്ന് നീക്കം ചെയ്യണമെന്നും വകുപ്പുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.
അധികാരത്തിലുള്ള പ്രോഗ്രസ്സീവ് കൺസർവേറ്റീവ് (PC) സർക്കാർ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്ത രീതിയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എൻ.ഡി.പി ധനകാര്യ വക്താവ് ലിസ ലച്ചാൻസ് (Lisa Lachance), മുൻവർഷങ്ങളിൽ ജനസംഖ്യാ വർധനവിലൂടെ ലഭിച്ച അധിക നികുതി വരുമാനം ശാശ്വതമായിരിക്കുമെന്ന് കരുതി സർക്കാർ ചെലവുകൾ അമിതമായി വർദ്ധിപ്പിച്ചു എന്ന് കുറ്റപ്പെടുത്തി.
ലൈബറൽ എം.എൽ.എ. ഇയാൻ റാങ്കിൻ (Iain Rankin) പറയുന്നത്, പ്രൊവിൻഷ്യൽ വരുമാനത്തെക്കാൾ വേഗത്തിൽ പ്രോഗ്രാം ചെലവുകൾ വർദ്ധിപ്പിച്ചതിലൂടെ സർക്കാർ സ്വയം ഒരു ഘടനപരമായ കമ്മി (structural deficit) ഉണ്ടാക്കി എന്നാണ്. ചെലവഴിക്കുന്ന പണത്തിന് ആനുപാതികമായ മൂല്യം ലഭിക്കുന്നുണ്ടോ (value for money) എന്ന് വർഷങ്ങളായി ഒരു വിലയിരുത്തലും നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുർബലരായ ജനവിഭാഗങ്ങളെ പുതിയ നടപടികൾ സാരമായി ബാധിക്കുമെന്ന ആശങ്കയും പ്രതിപക്ഷം ഉയർത്തുന്നു. ഹീറ്റിംഗ് അസിസ്റ്റൻസ് റിബേറ്റ് പ്രോഗ്രാമിൽ വരുത്തിയ മാറ്റങ്ങൾ ലച്ചാൻസ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ആനുകൂല്യത്തിൻ്റെ തുക കുറയ്ക്കുകയും യോഗ്യതാ വരുമാന പരിധി ഉയർത്തുകയും ചെയ്തതോടെ, 40,000 ആളുകൾക്ക് ഈ വർഷം പ്രോഗ്രാമിൽ നിന്ന് പുറത്തുപോകേണ്ടിവന്നു. ചെലവ് ചുരുക്കൽ ലക്ഷ്യമിട്ടുള്ള മറ്റ് നടപടികൾ ഉടൻ പ്രതീക്ഷിക്കുന്നില്ലെന്ന് ലോർ പറഞ്ഞെങ്കിലും, അതിന് ഉറപ്പുനൽകാൻ കഴിയില്ലെന്നും “കാത്തിരുന്ന് കാണാം” എന്നും കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Nova Scotia proposes 10% spending cuts; Opposition blames uncontrolled spending






