ആൽബർട്ട: എഡ്മണ്ടൺ നഗരത്തിൽ Tuberculosis (ടിബി) വ്യാപിക്കുന്നതായി പ്രൈമറി കെയർ ആൽബർട്ട (PCA) പ്രഖ്യാപിച്ചു. ഒരേതരത്തിലുള്ള ക്ഷയരോഗാണുവിന്റെ സാന്നിധ്യം ലാബ് പരിശോധനകളിലൂടെ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഈ പ്രഖ്യാപനം. രണ്ട് ഇന്നർ-സിറ്റി നിവാസികളിൽ ഒരേതരം അണുബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ കഴിഞ്ഞ മാസം (ഒക്ടോബർ) ഔട്ട്ബ്രേക്ക് പ്രഖ്യാപിക്കാനുള്ള തീരുമാനം എടുത്തിരുന്നുവെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പിസിഎ അറിയിച്ചു. ഈ കണ്ടെത്തൽ, രോഗം അടുത്തിടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്നിട്ടുണ്ട് എന്നതിൻ്റെ സൂചന നൽകുന്നു.
ക്ഷയരോഗം സാധാരണയായി ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നതെങ്കിലും ശരീരത്തിലെ മറ്റ് ഭാഗങ്ങളെയും ബാധിക്കാം. ചുമ, തുമ്മൽ, തുപ്പൽ എന്നിവയിലൂടെ രോഗിയിൽ നിന്ന് ഇത് എളുപ്പത്തിൽ മറ്റൊരാളിലേക്ക് പകരും. എങ്കിലും, കൃത്യമായ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ഈ രോഗം ചികിത്സിച്ചു മാറ്റാൻ സാധിക്കുന്നതാണ്. ഈ വർഷം ഇതുവരെ എഡ്മണ്ടൺ നഗരവുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് ഭവനരഹിതരായ ആളുകളുമായി ബന്ധപ്പെട്ട് 12 ക്ഷയരോഗ കേസുകളാണ് പിസിഎ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ മൂന്ന് പേർക്ക് ഒരേതരം രോഗാണുബാധയാണെന്നും ഇവരെയാണ് ഔട്ട്ബ്രേക്കിന്റെ ഭാഗമായി കണക്കാക്കുന്നതെന്നും ആരോഗ്യ ഏജൻസി വ്യക്തമാക്കി.
ഭവനരഹിതർക്കുള്ള ഷെൽട്ടറുകൾ പോലുള്ള പൊതു ഇടങ്ങളിൽ താമസിക്കുന്നത് ക്ഷയരോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്. നിലവിൽ, ഈ ഔട്ട്ബ്രേക്ക് പൊതുജനങ്ങൾക്ക് ഒരു ഭീഷണിയായി കണക്കാക്കുന്നില്ലെന്ന് പിസിഎ അറിയിച്ചു. രോഗം ബാധിക്കാൻ സാധ്യതയുള്ള ആളുകളെ കണ്ടെത്താനുള്ള കോൺടാക്റ്റ് ട്രേസിംഗ് പുരോഗമിക്കുകയാണ്. കൂടാതെ, ആൽബർട്ടയിലെ പ്രാഥമിക-പ്രതിരോധ ആരോഗ്യ സേവന മന്ത്രാലയത്തിലെ മെഡിക്കൽ ഓഫീസർമാർ, നഗരത്തിലെ ഏജൻസികളുമായും സ്ഥാപനങ്ങളുമായും പതിവായി യോഗങ്ങൾ ചേർന്ന് വിവരങ്ങൾ പങ്കുവെക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും അടുത്ത സമ്പർക്കം പുലർത്തിയവരെ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
TB outbreak in Edmonton: 12 cases; caution advised



