ഗ്രേറ്റർ ടൊറന്റോ ഏരിയ: ഒന്റാറിയോയിൽ ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ, ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ (GTA) റോഡുകളിൽ വാഹനാപകടങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഞായറാഴ്ച മഞ്ഞുവീഴ്ച ആരംഭിച്ചതോടെ, പല ഡ്രൈവർമാരും ശീതകാല ഡ്രൈവിംഗ് സാഹചര്യങ്ങൾ നേരിടാൻ തയ്യാറാകാതിരുന്നത് അപകടങ്ങൾ വർധിക്കാൻ കാരണമായതായി ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (ഒ.പി.പി) അറിയിച്ചു.
ഒ.പി.പി. സർജന്റ് കെറി ഷ്മിഡിറ്റ് നൽകിയ കണക്കുകൾ പ്രകാരം, മഞ്ഞുവീഴ്ച തുടങ്ങിയ ഞായറാഴ്ച മാത്രം ഏകദേശം 140 കൂട്ടിയിടികളിലാണ് പോലീസ് ഉദ്യോഗസ്ഥർക്ക് പ്രതികരിക്കേണ്ടി വന്നത്. ഭൂരിഭാഗം അപകടങ്ങളും നിസ്സാരമായിരുന്നെങ്കിലും, ഇത്തരം ആദ്യ മഞ്ഞുവീഴ്ചയുടെ സമയത്ത് അപകടങ്ങൾ വർധിക്കുന്നത് പതിവാണെന്ന് ഷ്മിഡിറ്റ് പറഞ്ഞു. “ഗുരുതരമായ കൂട്ടിയിടികളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും ഇപ്പോൾ മുതൽ തന്നെ ഡ്രൈവർമാർ ജാഗ്രത പാലിക്കേണ്ടതുണ്ട്,സോഷ്യൽ മീഡിയ വഴി നൽകിയ സന്ദേശത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.
ശീതകാല ഡ്രൈവിംഗ് സാഹചര്യങ്ങൾ നിലവിൽ വന്നതോടെ, ഡ്രൈവർമാർ തങ്ങളുടെ ശീലങ്ങൾ ഉടൻ മാറ്റണമെന്ന് പോലീസ് ആവശ്യപ്പെടുന്നു. വാഹനത്തിന്റെ വേഗത കുറയ്ക്കുക, സുരക്ഷിതമായ അകലം പാലിക്കുക, യാത്ര പുറപ്പെടുന്നതിന് മുമ്പ് വാഹനത്തിൽ നിന്ന് മഞ്ഞും ഐസും പൂർണ്ണമായും നീക്കം ചെയ്യുക എന്നിവയ്ക്ക് അധികൃതർ ഊന്നൽ നൽകി.
കൂടാതെ, വിന്റർ ടയറുകൾ പരിശോധിക്കാനും, ടയർ പ്രഷർ ഉറപ്പാക്കാനും, അടിയന്തര കിറ്റ് (പുതപ്പുകൾ, ജമ്പർ കേബിളുകൾ, ഫ്ലാഷ്‌ലൈറ്റ് തുടങ്ങിയവ ഉൾപ്പെടെ) കാറിൽ സൂക്ഷിക്കാനും ഒ.പി.പി. നിർദ്ദേശിക്കുന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കൂടുതൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ പ്രവചിക്കുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിലും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഗുരുതരമായ അപകടങ്ങൾ തടയുന്നതിന് മുൻകരുതലും തയ്യാറെടുപ്പും അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Accidents surge in GTA after first snowfall;






