തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എം ഷാജഹാൻ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടം ഡിസംബർ ഒൻപതിനും രണ്ടാം ഘട്ടം ഡിസംബർ പതിനൊന്നിനും നടക്കും. ഡിസംബർ 13-ന് വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകൾ രണ്ടാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തും. ഇതോടെ, തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാന തീയതികളും കമ്മീഷൻ അറിയിച്ചു. നാമനിർദേശ പത്രികകൾ നവംബർ 14 മുതൽ നൽകാം. നവംബർ 21 ആണ് പത്രിക നൽകാനുള്ള അവസാന തീയതി. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആയിരിക്കും. ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം അനുവദിക്കുക. പ്രായമായവർക്കോ മാധ്യമ പ്രവർത്തകർക്കോ ഈ സൗകര്യം ഇത്തവണ ലഭ്യമല്ല. വെള്ളിയാഴ്ച അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ആകെ 2,84,30,761 വോട്ടർമാരാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക. ഇതിൽ 1,34,12470 പുരുഷ വോട്ടർമാരും 1,50,18,010 സ്ത്രീ വോട്ടർമാരും ഉൾപ്പെടുന്നു. 281 ട്രാൻസ്ജെൻഡർ വോട്ടർമാരും 2841 പ്രവാസി വോട്ടർമാരുമുണ്ട്.
സുരക്ഷയ്ക്കും സുതാര്യതയ്ക്കും ഊന്നൽ നൽകിക്കൊണ്ടുള്ള ഒരുക്കങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്. ആകെ 33,746 പോളിംഗ് സ്റ്റേഷനുകളാകും സജ്ജമാക്കുക. ഇതിൽ 28,127 എണ്ണം പഞ്ചായത്തുകളിലും 3,204 എണ്ണം മുനിസിപ്പാലിറ്റികളിലും 2,015 എണ്ണം നഗരസഭകളിലുമായിരിക്കും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 1,80,000 ഉദ്യോഗസ്ഥരെ നിയോഗിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി 70,000 പോലീസുകാരെ വിന്യസിക്കും. വ്യാജവാർത്തകൾ, എഐയുടെ ദുരുപയോഗം എന്നിവ തടയാനായി പ്രത്യേക നിരീക്ഷണ സമിതിയെ രൂപീകരിക്കും. മോണിറ്ററിങ്ങിനായി മറ്റൊരു സമിതിയും പ്രവർത്തിക്കും. വോട്ടെടുപ്പിനും വോട്ടെണ്ണലിനും സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്താനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. മട്ടന്നൂർ നഗരസഭയിലെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കുന്നതായിരിക്കും.





