മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ ‘സമ്മർ ഇൻ ബത്ലഹേം’ നീണ്ട 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഈ സൂപ്പർ ഹിറ്റ് ചിത്രം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4K അറ്റ്‌മോസിൽ റീമാസ്റ്റർ ചെയ്താണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ടെലിവിഷൻ ചാനലുകളിൽ ഇന്നും നിറസാന്നിധ്യമായ ഈ സിനിമ വീണ്ടും തിയേറ്ററിൽ കാണാനുള്ള അവസരം ഒരുങ്ങുമ്പോൾ സിനിമാ പ്രേമികൾ ആവേശത്തിലാണ്.
സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവർ തകർത്തഭിനയിച്ച ഈ ചിത്രത്തിൽ മെഗാസ്റ്റാർ മോഹൻലാലിൻ്റെ അപ്രതീക്ഷിത കഥാപാത്രവും വലിയ ശ്രദ്ധ നേടിയിരുന്നു. ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും… വർഷങ്ങൾക്കിപ്പുറവും ഈ കഥാപാത്രങ്ങളെയും അവരുടെ നിമിഷങ്ങളെയും പ്രേക്ഷകർ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു. വിദ്യാസാഗറിൻ്റെ മനോഹരമായ ഗാനങ്ങളും ഊട്ടിയുടെ ദൃശ്യഭംഗിയും 4K നിലവാരത്തിൽ, പൂർണ്ണമായ ശബ്ദ മികവോടെ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.
‘ദേവദൂതൻ’, ‘ഛോട്ടാ മുംബൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ‘സമ്മർ ഇൻ ബത്ലഹേം’ റീമാസ്റ്റർ ചെയ്യുന്നത്. പ്രേക്ഷകർക്കിടയിൽ ഇന്നും ഏറെ സ്വീകാര്യതയുള്ളതുകൊണ്ടാണ് ചിത്രത്തെ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ തീരുമാനിച്ചതെന്ന് നിർമ്മാതാവായ സിയാദ് കോക്കർ പറയുന്നു. കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ ഒരുങ്ങിയ ഈ ക്ലാസിക് ചിത്രം വീണ്ടും തിയേറ്ററിൽ ആഘോഷമാക്കാൻ ഒരുങ്ങുമ്പോൾ, പഴയ ഓർമ്മകൾ ഒരു നനുത്ത അനുഭൂതിയായി നമ്മെ തേടിയെത്തുമെന്ന് ഉറപ്പാണ്. റീ-റിലീസ് തീയതി ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷ!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
The wait is over! 'Summer in Bethlehem' hits theaters in 4K






