പ്രിൻസ് എഡ്വേർഡ് ഐലൻഡ്: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ ചില മുനിസിപ്പാലിറ്റികൾ കനത്ത മഴയും ശക്തമായ കാറ്റും പ്രവചിച്ചതിനെത്തുടർന്ന് ഹാലോവീൻ ആഘോഷമായ ട്രിക്ക്-ഓർ-ട്രീറ്റിംഗ് മാറ്റിവെച്ചു. എൻവയോൺമെന്റ് കാനഡ വെള്ളിയാഴ്ച ദ്വീപിൽ ആഞ്ഞുവീശാൻ സാധ്യതയുള്ള മോശം കാലാവസ്ഥയെക്കുറിച്ച് പ്രത്യേക മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.
ഷാർലറ്റ്ടൗൺ, കോൺവാൾ, സ്ട്രാറ്റ്‌ഫോർഡ് എന്നീ മുനിസിപ്പാലിറ്റികൾ വ്യാഴാഴ്ച സംയുക്ത പ്രസ്താവനയിലൂടെയാണ് ട്രിക്ക്-ഓർ-ട്രീറ്റിംഗ് ശനിയാഴ്ചത്തേക്ക് മാറ്റിയതായി അറിയിച്ചത്. സമാനമായി, സമ്മർസൈഡും ഈ ആഘോഷം ശനിയാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചു. ഈ നാല് സ്ഥലങ്ങളിലും രാത്രി 8 മണിക്ക് ഏർപ്പെടുത്തിയിട്ടുള്ള കർഫ്യൂ ശനിയാഴ്ചയും ബാധകമായിരിക്കും. വെള്ളിയാഴ്ച ഉച്ചയോടെ മഴയും കാറ്റും ആരംഭിക്കുമെന്നും, മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും 30 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നും എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകുന്നു.
ഹരിക്കെയ്ൻ മെലിസയുടെ ഭാഗിക സ്വാധീനം കൊണ്ടാണ് ഈ കാലാവസ്ഥാ മാറ്റമെന്നും അധികൃതർ അറിയിച്ചു. Lennox Island, Abegweit First Nations എന്നിവിടങ്ങളിൽ മോശം കാലാവസ്ഥയെ മുന്നിൽ കണ്ട് ട്രിക്ക്-ഓർ-ട്രീറ്റിംഗ് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. മഴവെള്ളം ഒഴുകിപ്പോകാൻ തടസ്സമില്ലാത്ത വിധം ഓവുചാലുകളും മറ്റും വൃത്തിയാക്കാനും, ഹാലോവീൻ അലങ്കാരങ്ങൾ ഉൾപ്പെടെയുള്ള പുറത്ത് വെച്ചിട്ടുള്ള സാധനങ്ങൾ കാറ്റിൽ പറന്നുപോകാത്ത വിധം സുരക്ഷിതമാക്കാനും എൻവയോൺമെന്റ് കാനഡ ദ്വീപ് നിവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Environment Canada's Red Alert: Change in PEI Halloween plans



