ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. സിഡ്നിയിലെ മത്സരത്തിനിടെ അലക്സ് കാരിയുടെ ക്യാച്ചെടുക്കാൻ പിന്നോട്ട് ഓടുന്നതിനിടയിലാണ് താരത്തിന് ഇടത് വാരിയെല്ലിന് പരിക്കേറ്റത്. മനോഹരമായ ഒരു ഫീൽഡിംഗ് പ്രകടനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഉടൻ തന്നെ ഡ്രെസ്സിംഗ് റൂമിൽ എത്തിച്ച ശ്രേയസിനെ തുടർന്ന് സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പരിശോധനയിൽ ശ്രേയസ് അയ്യർക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചു. ആദ്യഘട്ടത്തിൽ ഏകദേശം മൂന്നാഴ്ചത്തെ വിശ്രമം മതിയാകുമെന്നായിരുന്നു ബിസിസിഐ വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ ആന്തരിക രക്തസ്രാവം സ്ഥിരീകരിച്ചതോടെ നിലവിലെ സാഹചര്യത്തിൽ പരിക്ക് ഭേദമാകാനുള്ള സമയം കൂടുതലായേക്കാം എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ബിസിസിഐയുടെ മെഡിക്കൽ ടീം താരത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ മധ്യനിരയിലെ അവിഭാജ്യ ഘടകമാണ് ശ്രേയസ് അയ്യർ. ഈ ഗുരുതരമായ പരിക്ക് താരത്തിന്റെ അടുത്ത മത്സരങ്ങളിലെ പങ്കാളിത്തത്തെ, പ്രത്യേകിച്ച് വരാനിരിക്കുന്ന പ്രധാനപ്പെട്ട ടൂർണമെന്റുകളെ, എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. താരത്തിന് എത്രയും വേഗം കളിക്കളത്തിലേക്ക് മടങ്ങിവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും.






