മലയാള സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് സുകുമാരൻ ചിത്രം ‘ഖലീഫ’യുടെ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങി. ആമിർ അലി എന്ന ശക്തനായ ഒരു സ്വർണ്ണക്കടത്തുകാരന്റെ വേഷത്തിലാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് അവതരണവുമാണ് വീഡിയോയുടെ മുഖമുദ്ര. ‘പോക്കിരിരാജ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ഖലീഫ’ക്കുണ്ട്. ആരാധകരുടെ വലിയ പ്രതീക്ഷകൾക്ക് ഊർജ്ജം പകരുന്നതാണ് ഈ ഗ്ലിംപ്‌സ് വീഡിയോ.
ഗ്ലിംപ്‌സ് വീഡിയോക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ പരിശോധിക്കുമ്പോൾ, ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഇൻട്രോ ഡയലോഗ് തന്നെ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നുവെന്ന് വ്യക്തമാകുന്നു. ‘ഇത് രാജുവേട്ടന്റെ ജോൺ വിക്ക്’, ‘ആക്ഷൻ സീൻസ് വേറെ ലെവൽ’ എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ലണ്ടനിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ഒരു പക്കാ സ്റ്റൈലിഷ് മാസ്സ് എന്റർടെയ്‌നർ ആയിരിക്കും എന്ന സൂചനയാണ് പുറത്തുവന്ന ഗ്ലിംപ്‌സ് നൽകുന്നത്.
ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ രചയിതാവ്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കാപ്പ’ തുടങ്ങിയ സിനിമകൾക്ക് ശേഷം ജിനുവും പൃഥ്വിരാജും കൈകോർക്കുന്ന ചിത്രം കൂടിയാണിത്. ജേക്സ് ബിജോയിയുടെ സംഗീതവും ചമൻ ചാക്കോയുടെ എഡിറ്റിംഗും ജോമോൻ ടി ജോണിന്റെ ഛായാഗ്രഹണവും ചിത്രത്തിന് ദൃശ്യഭംഗി നൽകുന്നു. നിർമ്മാണ ചുമതല ജിനു എബ്രഹാം ഇന്നോവേഷൻസിനാണ്. മുഖം കൈകൊണ്ട് മറച്ച പൃഥ്വിരാജിന്റെ പോസ്റ്റർ നേരത്തെ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിലെ മറ്റ് താരങ്ങളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഒരു വിരുന്നായിരിക്കും ‘ഖലീഫ’ എന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തൽ. ഗ്ലിംപ്‌സ് വീഡിയോ ചിത്രം ഉയർത്തിയിട്ടുള്ള ഹൈപ്പ് വർദ്ധിപ്പിക്കുകയും തിയേറ്റർ റിലീസിനായുള്ള കാത്തിരിപ്പിന് ശക്തി പകരുകയും ചെയ്തിരിക്കുന്നു.






