ഒട്ടാവ: കാനഡയിലെ ‘ജന്മാവകാശ പൗരത്വം’ വിദേശികളെ പ്രസവ ടൂറിസത്തിനായി രാജ്യത്തേക്ക് ആകർഷിക്കുന്നു എന്ന ആരോപണം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കണമെന്ന കൺസർവേറ്റീവ് പാർട്ടിയുടെ നിർദേശത്തിന് പിന്നാലെയാണ് ഈ വിഷയം പൊതുചർച്ചയായത്. ഗർഭിണികളായ വിദേശികൾ ‘വെക്കേഷൻ’ എന്ന വ്യാജേന കാനഡയിലെത്തി പ്രസവിക്കുന്നതിലൂടെ കുഞ്ഞിന് എളുപ്പത്തിൽ കനേഡിയൻ പൗരത്വം നേടുന്നുവെന്നാണ് പ്രധാന വിമർശനം.
മാരിയോ സെലാസിയാ എന്നയാൾ എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഈ വിവാദത്തിന് തിരികൊളുത്തിയത്. എട്ടരമാസം ഗർഭിണികളായ സ്ത്രീകൾ കാനഡ സന്ദർശിക്കാനെത്തുകയും ഇവിടെ പ്രസവിച്ച് ആശുപത്രി ബിൽ പോലും അടയ്ക്കാതെ മടങ്ങുകയും ചെയ്യുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വെക്കേഷൻ ആസ്വദിക്കാനല്ല, മറിച്ച് കുഞ്ഞിന് പൗരത്വം ലഭിക്കുന്നതിലൂടെ കാനഡയുമായി ബന്ധം സ്ഥാപിക്കാനും ഭാവിയിൽ നികുതികളൊന്നും അടയ്ക്കാതെ സൗജന്യ ആരോഗ്യസംരക്ഷണവും സാമ്പത്തിക ആനുകൂല്യങ്ങളും സ്വന്തമാക്കാനാണ് ഇവരുടെ ലക്ഷ്യമെന്നും പോസ്റ്റിൽ വിമർശനമുയർത്തി.
എന്നാൽ, ഈ പോസ്റ്റിന് താഴെ നിരവധി ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നു വന്നു. എട്ടരമാസം ഗർഭിണിയായ സ്ത്രീക്ക് വിമാനയാത്ര സാധ്യമാണോ എന്നായിരുന്നു പ്രധാന സംശയം. എന്നാൽ, പ്രായത്തിന്റെ കാര്യത്തിൽ കള്ളം പറഞ്ഞാണ് പലരും കാനഡയിൽ എത്തുന്നത് എന്ന് ചിലർ മറുപടി നൽകി. അതേസമയം, കാനഡ എപ്പോഴാണ് ഈ ജന്മാവകാശ പൗരത്വം നിർത്തലാക്കുക എന്ന ചോദ്യവും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ശക്തമാകുന്നുണ്ട്.
നിലവിലെ നിയമമനുസരിച്ച്, കാനഡയിൽ ജനിക്കുന്ന ആർക്കും കനേഡിയൻ പൗരത്വം ലഭിക്കും. എന്നാൽ, ബർത്ത് ടൂറിസം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ രീതി മാറണമെന്ന് കൺസർവേറ്റീവ് പാർട്ടി നിർദേശം വെച്ചിട്ടുണ്ട്. മാതാപിതാക്കളിൽ ഒരാളെങ്കിലും കനേഡിയൻ പൗരനോ രാജ്യത്ത് സ്ഥിരതാമസമാക്കിയ വ്യക്തിയോ ആണെങ്കിൽ മാത്രമേ ഇവിടെ ജനിക്കുന്ന കുഞ്ഞിന് പൗരത്വം നൽകാവൂ എന്നതാണ് ഇവരുടെ ആവശ്യം. രാജ്യത്തെ ആരോഗ്യ, സാമൂഹിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഈ രീതി അവസാനിപ്പിക്കുക എന്നതാണ് നിയമം പരിഷ്കരിക്കുന്നതിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.






