ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ തുടക്കം മുതൽ ഉടലെടുത്ത വിവാദങ്ങൾ സമ്മാനദാനച്ചടങ്ങിലും തുടർന്നു. ഫൈനലിൽ വിജയികളായ ഇന്ത്യൻ ടീം, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) ചെയർമാനും പാകിസ്താൻ ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു. കിരീടവും മെഡലുകളും സ്വീകരിക്കാതെയായിരുന്നു ഇന്ത്യൻ താരങ്ങൾ വിജയം ആഘോഷിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ടീം ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ആദ്യ മത്സരത്തിന് ശേഷം വിജയം ഇന്ത്യൻ സൈനികർക്ക് സമർപ്പിച്ചുകൊണ്ട് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
വിവാദങ്ങളുടെ തുടർച്ചയായി, പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ ടോസ് സമയത്ത് പാക് ക്യാപ്റ്റൻ സൽമാൻ ആഗയ്ക്ക് കൈകൊടുക്കാൻ സൂര്യകുമാർ യാദവ് വിസമ്മതിച്ചത് ടൂർണമെന്റിലുടനീളം ആവർത്തിക്കുകയും ചെയ്തു. ഇതിനിടെ, ഇന്ത്യക്കെതിരായ മത്സരത്തിൽ അർധസെഞ്ചുറി നേടിയ ശേഷം പാക് താരം സാഹിബ്‌സദ ഫർഹാൻ ബാറ്റുകൊണ്ട് വെടിവെപ്പ് ആംഗ്യം കാണിച്ചതും ഹാരീസ്‌റൗഫ് എയ്‌റോപ്ലെയൻ ആംഗ്യം കാണിച്ചതും വലിയ വിവാദങ്ങൾക്കിടയാക്കി. പാകിസ്താന്റെ ഈ പ്രകോപനപരമായ ആംഗ്യങ്ങൾ ‘സിന്ദൂർ ഓപ്പറേഷനിടെ’ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാകിസ്താന്റെ അവകാശവാദത്തെ സൂചിപ്പിക്കുന്നതാണെന്ന് ആരോപണമുയർന്നു. ഇതേത്തുടർന്ന് സൂര്യകുമാറിനും ഹാരീസിനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പിഴ ചുമത്തുകയും ചെയ്തിരുന്നു.
സമ്മാനദാനച്ചടങ്ങിൽ ഇന്ത്യൻ താരങ്ങൾ വ്യക്തിഗത പുരസ്‌കാരങ്ങൾ മാത്രമാണ് സ്വീകരിച്ചത്. എന്നാൽ, ഈ പുരസ്‌കാരങ്ങൾ വിതരണം ചെയ്തത് മൊഹ്‌സിൻ നഖ്‌വിയായിരുന്നില്ല. അടുത്തിടെ ഇന്ത്യയ്‌ക്കെതിരേ പിസിബി മേധാവി കൂടിയായ നഖ്‌വി പങ്കുവെച്ച ഒരു എക്‌സ് പോസ്റ്റും പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഹാരിസ് റൗഫിന്റെ എയറോപ്ലെയിൻ ആംഗ്യത്തെ പിന്തുണച്ചുകൊണ്ട്, പോർച്ചുഗീസ് ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘ഫൈറ്റർ ജെറ്റ്’ ആംഗ്യത്തിന്റെ സ്ലോ മോഷൻ വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. ഇത് ഇന്ത്യൻ ടീമിന്റെ നിലപാടിന് കൂടുതൽ ബലം നൽകി. ഇതിനു പുറമെ ഫൈനലിൽ, ടോസ് സമയത്ത് നിഷ്പക്ഷ അവതാരകനെ വേണമെന്ന പിസിബിയുടെ ആവശ്യപ്രകാരം മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിക്കൊപ്പം മുൻ പാക് താരം വഖാർ യൂനിസിനെയും കമന്റേറ്ററായി എസിസി നിയോഗിച്ചതും ശ്രദ്ധേയമായിരുന്നു.
കിരീടം ഏറ്റുവാങ്ങാൻ വിസമ്മതിച്ച ഇന്ത്യൻ ടീമിന്റെ ഈ നിലപാട്, അതിർത്തിയിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡും അതിന്റെ മേധാവിയും സ്വീകരിക്കുന്ന പ്രകോപനപരമായ നടപടികൾക്കെതിരെയുള്ള ശക്തമായ രാഷ്ട്രീയ പ്രതിഷേധമായാണ് വിലയിരുത്തപ്പെടുന്നത്. കായികരംഗത്തെ രാഷ്ട്രീയ ഇടപെടലുകൾ സംബന്ധിച്ച ചർച്ചകൾക്ക് ഈ സംഭവം വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്.






