കിറ്റിമാറ്റ്: താൻ ഉണ്ടാക്കുന്ന ഭക്ഷണത്തിൻ്റെ രുചി കളയുന്നതിനെക്കുറിച്ച് കാനഡയിലെ ഒരു സുഷി ഷെഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. തൻ്റെ റെസ്റ്റോറൻ്റായ ‘സുഷി ജെ’-യിൽ കൂടുതൽ സോയ സോസ് നൽകില്ലെന്ന് പ്രഖ്യാപിച്ച ഷെഫ് ഫിലിപ് കിമ്മിൻ്റെ നിലപാടാണ് ചർച്ചയായത്. കൂടുതൽ സോയ സോസ് ആവശ്യപ്പെടുന്നത് തന്നെ ദേഷ്യത്തിലാക്കുമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
വർഷങ്ങളായി തൻ്റെ റെസ്റ്റോറൻ്റിൽ അധിക സോയ സോസ് നൽകാത്ത ഷെഫ് കിം, ഈ മാസം ആദ്യം ഇത് സംബന്ധിച്ച ചർച്ചകൾ അവസാനിപ്പിക്കാൻ വേണ്ടിയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. “ആയിരം ഡോളർ തരാമെന്ന് പറഞ്ഞാലും ഞങ്ങൾ അധിക സോയ സോസ് നൽകില്ല.
കാരണം ഇത് പണത്തിന്റെ വിഷയമല്ല. എൻ്റെ ഭക്ഷണത്തിൻ്റെ തനതായ രുചി നൽകുക എന്നതാണ് എൻ്റെ ഉത്തരവാദിത്തം. എൻ്റെ ഭക്ഷണത്തിന് അതിൻ്റെ സ്വത്വം നിഷേധിക്കപ്പെടുമ്പോൾ എനിക്ക് വിഷമമാകും. അത് ദിവസാവസാനം വരെ എന്നെ മോശം മാനസികാവസ്ഥയിലാക്കും,” ഷെഫ് കുറിച്ചു. ഈ പോസ്റ്റ് വൻ ചർച്ചകൾക്ക് വഴിവെച്ചെങ്കിലും, അത് ബിസിനസ്സിന് ഗുണകരമായി. പോസ്റ്റ് ശ്രദ്ധ നേടിയതോടെ ഹോട്ടലിൽ തിരക്ക് വർധിക്കുകയും ഉപഭോക്താക്കൾക്ക് ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരികയും ചെയ്തു.
തൻ്റെ പോസ്റ്റ് പ്രശസ്തനാകാൻ വേണ്ടിയായിരുന്നില്ലെന്നും, ഉപഭോക്താക്കളും ജീവനക്കാരും തമ്മിലുള്ള അനാവശ്യ വൈകാരിക പിരിമുറുക്കം കുറയ്ക്കാൻ വേണ്ടിയായിരുന്നെന്നും കിം പിന്നീട് വ്യക്തമാക്കി.
കൂടുതൽ സോയ സോസ് ഉപയോഗിക്കുന്നതിലെ ആരോഗ്യപരമായ വശങ്ങളും ഷെഫ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ടേബിൾ സ്പൂൺ സോയ സോസിൽ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നതിൻ്റെ മൂന്നിലൊന്ന് ഭാഗം സോഡിയം അടങ്ങിയിട്ടുണ്ട്. അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. തൻ്റെ നിലപാട് കൂടുതൽ പേരെ സോയ സോസ് ഉപയോഗം കുറയ്ക്കാൻ പ്രേരിപ്പിക്കുമെന്ന് ഷെഫ് കിം പ്രതീക്ഷിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82






