റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ 18,421 പ്രവാസികൾ അറസ്റ്റിലായി. സെപ്റ്റംബർ 19 മുതൽ 25 വരെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിവിധ സുരക്ഷാ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) സംയുക്തമായി നടത്തിയ കർശന പരിശോധനയിലാണ് ഇത്രയധികം നിയമലംഘകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്.
പിടിയിലായവരിൽ 10,552 പേരും താമസ നിയമം ലംഘിച്ചവരാണ് (ഇഖാമ പുതുക്കാത്തവരും ഹുറൂബ് കേസുള്ളവരും).
കൂടാതെ 3,852 അതിർത്തി സുരക്ഷാ നിയമലംഘകരും 4,017 തൊഴിൽ നിയമലംഘകരുമുണ്ട്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച 1,383 പേരും അറസ്റ്റിലായി; ഇവരിൽ 51 ശതമാനം എത്യോപ്യൻ പൗരന്മാരും 47 ശതമാനം യമനികളുമാണ്. അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിച്ച 29 പേരെയും, നിയമലംഘകർക്ക് സഹായം നൽകിയ 20 പേരെയും പിടികൂടി.
നിലവിൽ മൊത്തം 30,876 നിയമലംഘകർ നടപടികൾ നേരിടുന്നുണ്ട്. ഇവരിൽ 28,914 പുരുഷന്മാരും 1,962 സ്ത്രീകളുമാണ്. പിടിക്കപ്പെട്ടവരിൽ 25,646 പേരെ യാത്രാരേഖകൾ ലഭ്യമാക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ 13,072 പേരെ സൗദി അറേബ്യ നാടുകടത്തി.
അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സഹായം നൽകിയാൽ 15 വർഷം വരെ തടവുശിക്ഷയും 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രതികളുടെ വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും പേരുകൾ പരസ്യപ്പെടുത്തുകയും ചെയ്യും. നിയമലംഘനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 911, 999, 996 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



